ആമസോണിൽ കൂട്ടപിരിച്ചുവിടൽ; ജോലി നഷ്ടമായത് അഞ്ഞുറോളം ഇന്ത്യക്കാർക്ക്

ന്യൂഡൽഹി: പ്രമുഖ ഇ കോമേഴ്‌സ് സ്ഥാപനമായ ആമസോൺ അഞ്ഞുറിലധികം ഇന്ത്യൻ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ. ആമസോണിൽ വിവിധ മേഖലകളിൽ ജോലി ചെയ്തുവന്നിരുന്നവരെയാണ് പിരിച്ചുവിട്ടത്. ആമസോൺ ഗ്ലോബൽ ടീമിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നവരാണിവർ. മാർച്ചിൽ വലിയ തോതിൽ പിരിച്ചുവിടലുണ്ടാകുമെന്ന് ആമസോൺ സിഇഒ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു പിന്നാലെ നിരവധിയാളുകളുടെ ജോലി നഷ്ടമായിരുന്നു.

സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കാതെ വന്നതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ തീരുമാനിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിക്ക് പ്രതീക്ഷിച്ച ലാഭത്തിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ ചില തസ്തികകള്‍ കമ്പനി ഒഴിവാക്കുകയാണെന്നും ആമസോൺ ഹാർഡ്‌വേർ തലവൻ ഡേവ് ലിമ്പ് വ്യക്തമാക്കിയിരുന്നു.