ന്യൂഡൽഹി: ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസസംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ രാത്രിയാണ് അമിത് ഷായെ ആശുപത്രിയിലെത്തിച്ചത്. ആഗസ്റ്റ് രണ്ടിന് കോവിഡ് സ്ഥിരീകരിച്ചിരുന്ന അദ്ദേഹം ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലെ ചികിത്സക്ക് ശേഷം രോഗമുക്തനായി ആശുപത്രി വിട്ടിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശരീരവേദന, ക്ഷീണം, ശ്വാസമെടുക്കുന്നതിലുള്ള ബുദ്ധിമുട്ട് എന്നിവയെ തുർന്നാണ് അമിത് ഷായെ വീണ്ടും ആശുപത്രിയിലെത്തിച്ചത്. എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് അമിത് ഷായെ നിരീക്ഷിക്കുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.