Wednesday, May 12, 2021
Home News National ഭരണകൂട വേട്ടയാടൽ സഹിച്ച് ഇന്ത്യയിൽ തുടരാനാകില്ലെന്ന് ആംനസ്റ്റി ഇന്റർനാഷണൽ

ഭരണകൂട വേട്ടയാടൽ സഹിച്ച് ഇന്ത്യയിൽ തുടരാനാകില്ലെന്ന് ആംനസ്റ്റി ഇന്റർനാഷണൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ പ്രതികാരനടപടികൾ മൂലം ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. വളരെ ആസൂത്രിതമായി ഇന്ത്യയിലെ മനുഷ്യാവകാശ സംഘടനകളെ സർക്കാർ വേട്ടയാടുന്നു. പ്രവർത്തിക്കാനുള്ള വഴികൾ അടക്കുന്നു.

സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇത് മൂലം ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്നു. ഇന്ത്യയിലെ ക്യാമ്പയിനുകളും പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഇത് മൂലം തങ്ങൾ നിർബന്ധിതരായെന്നും ആംനസ്റ്റി ഇന്ത്യയുടെ റിസേർച്ച്, അഡ്വക്കസി, പോളിസി ഡയറക്ടർ ശരത് ഖോശ്ല ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരു സഹകരണവും ഇല്ലാത്ത സമീപനമാണ് ഭരണകൂടത്തിനുള്ളത്. ഡൽഹി കലാപത്തെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ കാര്യത്തിലായാലും ജമ്മുകശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങളിലായാലും ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഇത് സംബന്ധിച്ച് തങ്ങൾ നൽകിയ റിപ്പോർട്ട് ഒരു പരിഗണനയും നൽകാതെ കേന്ദ്രം തള്ളുകയായിരുന്നെന്നും ഇവർ കുറ്റപ്പെടുത്തി.

കൂടാതെ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ ഒന്നാം വാർഷിക ദിനത്തിൽ കശ്മീരിൽ തടവിലായ രാഷ്ട്രീയക്കാരെയും മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും വിദ്യാർഥികളെയും മോചിപ്പിക്കണമെന്ന് ആംനസ്റ്റി പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും കേന്ദ്രം ചെവിക്കൊണ്ടിരുന്നില്ല. കേന്ദ്രത്തിന്റെ ഈ നിഷേധ സമീപനങ്ങളിൽ മനംമടുത്താണ് ഇപ്പോൾ പ്രവർത്തനം നിർത്താൻ ആംനസ്റ്റി തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ, ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനക്ക് പ്രവർത്തിക്കാൻ പോലും ഇന്ത്യയിൽ പറ്റുന്നില്ലെന്ന ആരോപണത്തിൽ പ്രതികരിക്കാൻ ഇതുവരെ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

Most Popular