Sunday, January 23, 2022
HomeNewsNationalആന്ധ്രയില്‍ ഓപ്പറേഷന്‍ പരിവര്‍ത്തന: പോലീസ് നശിപ്പിച്ചത് 5964.84 ഏക്കര്‍ കഞ്ചാവ് കൃഷി

ആന്ധ്രയില്‍ ഓപ്പറേഷന്‍ പരിവര്‍ത്തന: പോലീസ് നശിപ്പിച്ചത് 5964.84 ഏക്കര്‍ കഞ്ചാവ് കൃഷി

അമരാവതി: ഒരുമാസത്തിനിടെ ആന്ധ്രപ്രദേശില്‍ പോലീസ് നശിപ്പിച്ചത് 5964.84 ഏക്കര്‍ കഞ്ചാവ് കൃഷി. ‘ഓപ്പറേഷന്‍ പരിവര്‍ത്തന’യുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി നടന്ന റെയ്ഡുകളിലാണ് ഇത്രയും കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തി നശിപ്പിച്ചത്. 36 ദിവസങ്ങള്‍ക്കിടെ മുപ്പതിനായിരത്തിലേറെ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും കഞ്ചാവിന് ഏകദേശം 1491 കോടി രൂപ വിലാണ് കണക്കാക്കുന്നത്.

AP

കഴിഞ്ഞദിവസം വിശാഖപട്ടണത്തിന് സമീപം നടന്ന റെയ്ഡില്‍ മാത്രം 39 ഏക്കര്‍ കഞ്ചാവ് തോട്ടമാണ് നശിപ്പിച്ചത്. സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ബ്യൂറോ, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ചത്. ഒഡീഷ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് സംസ്ഥാനത്ത് വന്‍തോതില്‍ കഞ്ചാവ് കൃഷി നടക്കുന്നത്. അതിനാല്‍ ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ റെയ്ഡുകള്‍. കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിക്കുക മാത്രമല്ല, കഞ്ചാവ് കൃഷി ചെയ്യുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് മറ്റു ജീവിതമാര്‍ഗങ്ങള്‍ ഉറപ്പുവരുത്തുന്നതും ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമാണ്.

ഒക്ടോബര്‍ 31-നാണ് ആന്ധ്രാപ്രദേശ് പോലീസ് ഓപ്പറേഷന്‍ പരിവര്‍ത്തനയ്ക്ക് തുടക്കംകുറിച്ചത്. കഞ്ചാവ് കൃഷി ചെയ്യുന്ന വിഭാഗങ്ങള്‍ക്കിടയില്‍ ഈ പദ്ധതിക്ക് വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സംസ്ഥാന എന്‍ഫോഴ്സ്മെന്റ് വകുപ്പിന്റെ അവകാശവാദം. കഞ്ചാവ് കൃഷി ചെയ്തിരുന്ന ആളുകളില്‍ ചിലര്‍ സ്വമേധയാ കൃഷിയില്‍നിന്ന് വിട്ടുനിന്നെന്നും ഇത് അവരിലുണ്ടായ മാറ്റം കാരണമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അടുത്തിടെ കേരളത്തില്‍ പലയിടത്തായി നടന്ന കഞ്ചാവ് വേട്ടകളിലെല്ലാം ആന്ധ്രയില്‍നിന്നുള്ള കഞ്ചാവാണ് പിടികൂടിയിരുന്നത്.

Most Popular