കോണ്‍മേബോള്‍-യുവേഫാ കപ്പ് സ്വന്തമാക്കി അര്‍ജ്ജന്റീന

ലണ്ടന്‍: കോണ്‍മേബോള്‍-യുവേഫാ കപ്പ് സ്വന്തമാക്കി അര്‍ജ്ജന്റീന. ഫിനാലിസിമയില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജ്ജന്റീന കിരീടം സ്വന്തമാക്കിയത്. എല്ലാ മേഖലകളിലും സര്‍വ്വാധിപത്യം നേടിക്കൊണ്ടാണ് ഇറ്റലിയെ അര്‍ജ്ജന്റീന നിഷ്പ്രഭമാക്കിയത്. കളിയുടെ 28-ാം മിനിറ്റില്‍ ലോറ്റാരോ മാര്‍ട്ടിനസാണ് ആദ്യ ഗോള്‍ നേടിയത്.

ആദ്യപകുതി അവസാനിക്കും മുന്നേ രണ്ടാം ഗോളും അസൂറികളുടെ വലയിലായി. എയ്ഞ്ചല്‍ ഡീ മരിയയാണ് രണ്ടാം ഗോള്‍ നേടിയത്. ഇന്റര്‍ മിലാന്‍ താരം മാര്‍ട്ടിനസ് നല്‍കിയ പാസ്സാണ് മരിയ രണ്ടാം ഗോളാക്കിയത്.

കളിയുടെ അവസാന നിമിഷങ്ങളിലെ അധിക സമയത്ത് പകരക്കാരനായി ഇറങ്ങിയ പൗളോ ഡെംബാല മൂന്നാം ഗോള്‍ നേടി. അതിവേഗം മെസ്സി നടത്തിയ മുന്നേറ്റത്തിലൂടെ കിട്ടിയ പാസാണ് ഡെംബാല ഗോളാക്കി മാറ്റി കിരീടം ടീമിന് നല്‍കിയത്.