അരികൊമ്പൻ അക്രമാസക്തൻ; ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദേശം,പിടികൂടാൻ തമിഴ്നാട് സർക്കാർ

കമ്പം: കമ്പം ടൗണിലിറങ്ങിയ അക്രമങ്ങള്‍ നടത്തിയ അരികൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുമെന്ന് തമിഴ്‌നാട് വനംവകുപ്പ്. പിടികൂടുന്ന ആനയെ പിടിച്ച് ഉള്‍ക്കാട്ടില്‍ വിടാനാണ് തമിഴ്‌നാടിന്റെ തീരുമാനമെന്ന് തമിഴ്‌നാട് വനം വകുപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ റെഡ്ഡി വ്യക്തമാക്കി. മയക്കുവെടി വെക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവ് ലഭിച്ചാലുടന്‍ പിടികൂടാനുള്ള തുടര്‍ന്ന് നടപടികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. വെറ്റിനറി ഡോക്ടര്‍, കുങ്കിയാനകള്‍, വാഹനം അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നും ശ്രീനിവാസ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കൊമ്പന്‍ അക്രമാസക്തനാണെന്നും ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിര്‍ദേശിച്ചു.

അരിക്കൊമ്പന് തുമ്പിക്കൈയില്‍ മുറിവെന്ന് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ആകാശത്തേക്ക് വെടിവെച്ച് തുരത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നുണ്ട്. അതേസമയം ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കി, കമ്പം ടൗണില്‍ ഗതാഗത നിയന്ത്രണമേര്‍പ്പടുത്തി.

ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍ ഉണ്ടെങ്കിലും ഇതില്‍ നിന്നും കാര്യമായ സിഗ്നലുകള്‍ ലഭിക്കാത്തതാണ് കാടിറങ്ങിയ കാര്യം വനപാലകര്‍ വൈകി അറിയാനിടയായതിന്റെ കാരണം.