ആര്യൻ ഖാൻ ഇരയാക്കപ്പെടുന്നത് ഷാരൂഖ് ഖാന്റെ മകനായതുകൊണ്ട് മാത്രം; പബ്ലിസിറ്റി കൊടുക്കുന്നത് മറ്റ് പലതും മറയ്ക്കാൻ, ആര്യന് പിന്തുണയുമായി ദിഗ് വിജയ് സിംഗ്

മുംബൈ: ആര്യൻ ഖാൻ ഇരയാക്കപ്പെടുന്നത് ഷാരൂഖ് ഖാന്റെ മകനായതുകൊണ്ട് മാത്രമെന്ന് ദിഗ് വിജയ് സിംഗ്. ഷാരൂഖ് ഖാന്റെ മകനായതുകൊണ്ട് മാത്രമാണ് ഇത്രയധികം പ്രശ്നങ്ങൾ ഉയർത്തികൊണ്ടുവരുന്നതെന്നും മറ്റു പലതും മറയ്ക്കുന്നതിനാണ് ഈ കേസെന്നും ദിഗ് വിജയ് സിംഗ് വ്യക്തമാക്കി. ആര്യനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ അഞ്ച് ഗ്രാം മയക്കുമരുന്ന് കൈവശം വെച്ചു. മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ച ടണ്‍കണക്കിന് ഹെറോയിനെ കുറിച്ച്‌ അപ്പോള്‍ എന്ത് പറയണം. ആരാണ് കുല്‍ദീപ് സിംഗ്? എന്‍സിബിയും ഇപ്പോള്‍ കേസന്വേഷിക്കുന്ന എന്‍ഐഎയും ഇതേ കുറിച്ച്‌ പറയുമോ എന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു.

അതേസമയം ആര്യന്‍ മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്ന് നേരത്തെ എന്‍സിബി കോടതിയില്‍ പറഞ്ഞതാണ്. എന്നാല്‍ മയക്കുമരുന്ന് സംഘവുമായി ആര്യന് ബന്ധമുണ്ടെന്നും, മയക്കുമരുന്ന് വാങ്ങിയിട്ടുണ്ടെന്നും എന്‍സിബി പറയുന്നു. അതുകൊണ്ട് ജാമ്യത്തെ എന്‍സിബി കോടതിയില്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഇതേ ആവേശം ഗുജറാത്ത് തുറമുഖത്ത് നിന്ന് പിടിച്ച 21000 കോടിയുടെ ഹെറോയിന്‍ വേട്ടയില്‍ കാണിക്കുന്നില്ലെന്നാണ് പരാതി. ബിജെപിക്ക് ഷാരൂഖുമായുള്ള പ്രശ്‌നങ്ങളാണ് ആര്യനെ വേട്ടയാടുന്നതിന് പിന്നിലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നത്. എന്‍സിബിയുടെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കും ആരോപിക്കുന്നുണ്ട്.
അതെ സമയം ദിഗ് വിജയ് സിംഗിനെതിരെ ബിജെപി രംഗത്തുവന്നു. ഇത് ഹിന്ദു-മുസ്ലീം വിഷയമല്ല. ദിഗ് വിജയ് സിംഗ് സ്വന്തം മനോനില മാറ്റണം. ഷാരൂഖ് ഖാനുമായോ ആര്യനുമായോ ആര്‍ക്കും വ്യക്തിവൈരാഗ്യമില്ലെന്നും ബിജെപി ആരോപിക്കുന്നു.