തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ വിമര്‍ശനവുമായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ യു.ഡി.എഫ്. വിമര്‍ശിക്കുന്നതിനിടയിലാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരേ എ.ഐ.സി.സി. നിരീക്ഷകന് കൂടിയായ അശോക് ഗെഹ്ലോത് രംഗത്തെത്തിയത്.
സി.ബി.ഐ.യുടെ പക്ഷപാതിത്വത്തെ അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിവരങ്ങള്‍ ഉയര്‍ത്തിക്കാട്ടി എല്‍.ഡി.എഫ്. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു ഗെഹ്ലോത്തിന്റെ പ്രസംഗത്തിന്റെ പരിഭാഷകന്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരേയാണ് കേന്ദ്ര നീക്കമെന്നും ഗെഹ്ലോത് പറഞ്ഞു. മണിപ്പൂര്‍, ഗോവ സര്‍ക്കാരുകളെ അട്ടിമറിച്ചത് ചൂണ്ടിക്കാട്ടിക്കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
കോണ്‍ഗ്രസ്സിനകത്ത് അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് സി.പി.എമ്മും ബി.ജെ.പി.യും ബോധപൂര്‍വ്വം പ്രചാരണം നടത്തുകയാണ്. ബംഗാളില്‍ സി.പി.എമ്മുമായുളള സഖ്യം ബി.ജെ.പിയെ തകര്‍ക്കുന്നതിന് വേണ്ടിയാണ്. കേരളത്തിലെയും ബംഗാളിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. കേരളത്തില്‍ യു.ഡി.എഫ്. ഒറ്റക്കെട്ടായി എല്‍ഡിഎഫിനെയും ബി.ജെ.പിയെയും നേരിടും. കേരളത്തില്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നും ഗെഹ്ലോത് പറഞ്ഞു