Friday, October 7, 2022
HomeNewsഏഷ്യാ കപ്പ്: പാകിസ്ഥാൻ - ശ്രീലങ്ക ഫൈനൽ ഞായറാഴ്ച

ഏഷ്യാ കപ്പ്: പാകിസ്ഥാൻ – ശ്രീലങ്ക ഫൈനൽ ഞായറാഴ്ച

ദുബായ്: ഏഷ്യാ കപ്പിൽ ‘ഫൈനലിനു മുൻപുള്ള ഫൈനലി’ൽ പാക്കിസ്ഥാനെതിരേ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം. ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഈ വർഷത്തെ ഫൈനലിസ്റ്റുകൾ നേർക്കുനേരെത്തിയപ്പോൾ, അഞ്ചു വിക്കറ്റിന്റെ ജയമാണ് ശ്രീലങ്ക നേടിയത്.

122 റണ്‍സ് പിന്തുടര്‍ന്ന ലങ്ക മൂന്ന് ഓവറുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു. സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ശ്രീലങ്ക ഫൈനലിന് തയ്യാറെടുക്കുന്നത്. സ്‌കോര്‍ – പാകിസ്താന്‍ 19.1 ഓവറില്‍ 121-10, ശ്രീലങ്ക 17 ഓവറില്‍ 124-5. ശ്രീലങ്കയുടെ വനിന്ദു ഹസരംഗയാണ് കളിയിലെ താരം.

ടോസ് നേടിയ ലങ്കൻ നായകന്‍ ദസൂണ്‍ ഷാനക പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19.1 ഓവറില്‍ 121 റണ്‍സിന് പാകിസ്താന്‍ കൂടാരം കയറി. തകര്‍പ്പന്‍ ഫോമിലുള്ള പാക് ബാറ്റര്‍മാരെ ഒരു ഘട്ടത്തിലും കുതിക്കാനനുവദിക്കാതെ ലങ്കന്‍ ബൗളര്‍മാര്‍ തളയ്ക്കുകയായിരുന്നു. 29 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദു ഹസരംഗ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.മുഹമ്മദ് നവാസ് 18 പന്തിൽ 26 റൺസെടുത്തും മുഹമ്മദ് റിസ്‍വാൻ 14 പന്തിൽ 14 റൺസെടുത്തും പുറത്തായി. ഫഖർ സമാൻ (18 പന്തിൽ 13), ഇഫ്തിഖർ അഹമ്മദ് (17 പന്തിൽ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് പാക്ക് താരങ്ങൾ.

ഹസരംഗയ്ക്ക് പുറമേ നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത മഹീഷ് തീക്ഷണ, 2.1 ഓവറിൽ 21 റൺസ് വഴങ്ങി രണ്ടുവിക്കറ്റെടുത്ത അരങ്ങേറ്റ താരം പ്രമോദ് മധുഷൻ എന്നിവരാണ് പാക്ക് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ ഉയർത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്കു ശ്രീലങ്കയുടെ തുടക്കം പിഴച്ചെങ്കിലും, കളംനിറഞ്ഞ ഓപ്പണർ പാത്തും നിസ്സങ്ക അവർക്ക് വിജയം സമ്മാനിച്ചു. ആദ്യ രണ്ട് ഓവറിൽ രണ്ടു റൺസിനിടെ ശ്രീലങ്ക രണ്ടു വിക്കറ്റ് നഷ്ടമാക്കിയതാണ്. എന്നാൽ, നിസ്സങ്ക 48 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 55 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

നിസ്സങ്കയ്ക്കു പുറമെ ഭാനുക രജപക്സെ (19 പന്തിൽ 24), ക്യാപ്റ്റൻ ദസൂൺ ഷാനക (16 പന്തിൽ 21), വനിന്ദു ഹസരഗ (മൂന്നു പന്തിൽ പുറത്താകാതെ 10) എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി.

ശ്രീലങ്കൻ നിരയിൽ കുശാൽ മെൻഡിസ് (0), ധനുഷ്ക ഗുണതിലക (0), ധനഞ്ജയ ഡിസിൽവ (9) എന്നിവർ നിരാശപ്പെടുത്തി. പാക്കിസ്ഥാനായി മുഹമ്മദ് ഹസ്നയ്ൻ മൂന്ന് ഓവറിൽ 11 റൺസ് വഴങ്ങിയും ഹാരിസ് റൗഫ് മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഉസ്മാൻ ഖാദിർ നാല് ഓവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇരു ടീമുകളും ഒരിക്കൽക്കൂടി മുഖാമുഖമെത്തും.
ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്താനോട് തോല്‍വി വഴങ്ങിയായിരുന്നു ലങ്കയുടെ തുടക്കം. തൊട്ടടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തില്‍ അവിശ്വസനീയമായി തിരികെ വന്ന് വിജയിച്ച ലങ്ക ഞെട്ടിച്ചു. പിന്നീട് ഒരു മത്സരത്തിലും തോല്‍ക്കാതെയാണ് ലങ്കയുടെ തിരിച്ചുവരവ്.

Most Popular