Tuesday, October 4, 2022
HomeNewsInternationalഏഷ്യൻ ചാമ്പ്യൻമാരായി ശ്രീലങ്ക; ഫൈനലിൽ പാകിസ്താനെതിരേ 23 റണ്‍സ് വിജയം

ഏഷ്യൻ ചാമ്പ്യൻമാരായി ശ്രീലങ്ക; ഫൈനലിൽ പാകിസ്താനെതിരേ 23 റണ്‍സ് വിജയം

ദുബൈ :ആറാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ശ്രീലങ്ക.ഞായറാഴ്ച നടന്ന കലാശപ്പോരില്‍ പാകിസ്താനെ 23 റണ്‍സിന് തകര്‍ത്താണ് ലങ്ക
തങ്ങളുടെ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. 2014ലായിരുന്നു ഇതിനു മുൻ‌പത്തെ ശ്രീലങ്കയുടെ കിരീട നേട്ടം.

രാജ്യം ആഭ്യന്തര സംഘര്‍ഷങ്ങളിലും ദാരിദ്ര്യത്തിലും ഉഴറുന്നതിനിടെ ശ്രീലങ്കയ്ക്ക് ആശ്വാസമാവുകയാണ് ഏഷ്യാ കപ്പ് കിരീടം. ടൂര്‍ണമെന്റിലെ പ്രാഥമികഘട്ടത്തിലും സൂപ്പര്‍ ഫോറിലും അദ്ഭുതപ്രകടനത്തോടെ മുന്നേറിയാണ് ശ്രീലങ്ക ഒടുവില്‍ സ്വന്തമാക്കിയത്.

സ്കോർ: ശ്രീലങ്ക– 20 ഓവറിൽ 6ന് 170. പാക്കിസ്ഥാൻ– 20 ഓവറിൽ‌ 147ന് ഓൾഔട്ട്.

കലാശപ്പോരിൽ ദുബായിലെ പിച്ചില്‍ ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടും അത് മുതലാക്കാന്‍ പാകിസ്താന് സാധിച്ചില്ല. ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 147 റണ്‍സിന് ഓള്‍ഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ പ്രമോദ് മധുഷാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വനിന്ദു ഹസരംഗയുമാണ് പാകിസ്താനെ തകർത്തത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയെങ്കിലും പാകിസ്താനെതിരേ തുടക്കത്തില്‍ പതറിയ ശേഷമാണ് ലങ്ക മത്സരത്തിലേയ്ക്ക് തിരിച്ച് വന്നത്. മൂന്നാം പന്തില്‍ തന്നെ കുശാല്‍ മെന്‍ഡിസിനെ (0) നസീം ഷാ പുറത്താക്കി. പിന്നാലെ നാലാം ഓവറില്‍ പത്തും നിസംഗയും (8) കാര്യമായ സംഭാവനയില്ലാതെ മടങ്ങി. തുടര്‍ന്ന് ധനുഷ്‌ക ഗുണതിലകയേയും (1) മടക്കിയ ഹാരിസ് റൗഫ് ലങ്കയെ പ്രതിരോധത്തിലാക്കി. പിന്നാലെ നിലയുറപ്പിച്ചിരുന്ന ധനഞ്ജയ ഡിസില്‍വയെ ഇഫ്തിഖര്‍ അഹമ്മദും പുറത്താക്കിയതോടെ ലങ്ക പതറി. 21 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 28 റണ്‍സെടുത്താണ് താരം മടങ്ങിയത്. ക്യാപ്റ്റന്‍ ദസുന്‍ ഷാനകയ്ക്കും (2) ലങ്കന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന ചെയ്യാനാകാതിരുന്നതോടെ അവര്‍ അഞ്ചിന് 58 റണ്‍സെന്ന പരിതാപകരമായ സ്ഥിതിയിലായി.

എന്നാൽ ആറാം വിക്കറ്റില്‍ വനിന്ദു ഹസരംഗയേയും ഏഴാം വിക്കറ്റില്‍ ചാമിക കരുണരത്‌നയേയും കൂട്ടുപിടിച്ചുള്ള ഭനുക രജപക്‌സയുടെ അർധസെഞ്ചുറി കൂടുകെട്ടുകൾ ലങ്കന്‍ സ്‌കോര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 170-ല്‍ എത്തിച്ചു. 45 പന്തുകള്‍ നേരിട്ട ഭനുക രജപക്‌സ മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 71 റണ്‍സോടെ പുറത്താകാതെ നിന്നു. ഹസരംഗ 21 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 36 റണ്‍സെടുത്തു.14 പന്തില്‍ നിന്ന് 14 റണ്‍സായിരുന്നു കരുണരത്‌നയുടെ സംഭാവന.

പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത നസീം ഷായ്ക്ക് ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ ടോപ് സ്കോറർ അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനാണ് . 49 പന്തുകള്‍ നേരിട്ട റിസ്വാന്‍ ഒരു സിക്‌സും നാല് ഫോറുമടക്കം 55 റണ്‍സെടുത്ത് പുറത്തായി.ഇത്തവണയും ക്യാപ്റ്റന്‍ ബാബര്‍ അസമിന് തിളങ്ങാനായില്ല. ആറു പന്തില്‍ നിന്ന് അഞ്ചു റണ്‍സ് മാത്രമെടുത്ത ബാബറിനെ നാലാം ഓവറില്‍ പ്രമോദ് മധുഷാനാണ് മടക്കിയത്. തൊട്ടടുത്ത പന്തില്‍ ഫഖര്‍ സമാനെയും (0) മധുഷാന്‍ മടക്കി.
മൂന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത റിസ്വാന്‍ – ഇഫ്തിഖര്‍ അഹമ്മദ് സഖ്യം പാകിസ്താനെ 93 വരെയെത്തിച്ചു. 31 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഇഫ്തിഖറിനെ മടക്കി മധുഷാന്‍ തന്നെ മടക്കി.

17-ാം ഓവര്‍ എറിഞ്ഞ വനിന്ദു ഹസരംഗയാണ് കളി ലങ്കയ്ക്ക് അനുകൂലമാക്കി തിരിച്ചത്. ആദ്യ പന്തില്‍ അപകടകാരിയായ റിസ്വാനെ മടക്കിയ ഹസരംഗ മൂന്നാം പന്തില്‍ ആസിഫ് അലിയേയും (0) മടക്കി. അഞ്ചാം പന്തില്‍ ഖുഷ്ദില്‍ ഷായേയും (2) പുറത്താക്കിയ ഹസരംഗ പാകിസ്താനെ ഏഴിന് 112 റണ്‍സെന്ന നിലയിലേക്ക് തള്ളിവിടുകയായിരുന്നു.
സൂപ്പർ ഫോറിലെ അവസാനമത്സരത്തിലും പാകിസ്ഥാനെതിരേ ശ്രീലങ്ക വിജയിച്ചിരുന്നു.

ശ്രീലങ്കയുടെ ഭനുക രാജപക്സ ഫൈനലിലെ താരമായമായപ്പോൾ വനിന്ദു ഹസരംഗ ടൂർണമെന്റിലെ താരമായി.

Most Popular