Monday, April 12, 2021
Home News Kerala മട്ടന്നൂരുകാരൻ പുതുജീവിതം നൽകിയത് അഞ്ച് പേർക്ക്; സന്നദ്ധ പ്രവർത്തകനായ ബൈജു അനേകം പേരിലൂടെ ജീവിക്കും

മട്ടന്നൂരുകാരൻ പുതുജീവിതം നൽകിയത് അഞ്ച് പേർക്ക്; സന്നദ്ധ പ്രവർത്തകനായ ബൈജു അനേകം പേരിലൂടെ ജീവിക്കും

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കൊതേരി കപ്പണയിൽ ഹൗസിൽ ടി ബൈജു (37) എന്ന സന്നദ്ധ പ്രവർത്തകൻ വിട പറയുമ്പോൾ ഒരു നാടാകെ വിതുമ്പുന്നതോടൊപ്പം അഭിമാനം കൊള്ളുകയാണ്. രക്തദാനം ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായ ബൈജു ഒരു പൊതുപ്രവർത്തകൻ കൂടിയാണ്. അഞ്ച് പേർക്ക് പുതുജീവിതം നൽകിയാണ് ബൈജു യാത്രയായത്. മസ്തിഷ്‌ക മരണമടഞ്ഞ ബൈജുവിന്റെ കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ബൈജുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ബൈജുവിന്റെ വിയോഗം അത്യധികം വേദനയുളവാക്കുന്നതാണ് ആരോഗ്യമന്ത്രി പറഞ്ഞു. നാട്ടുകാരനെന്ന നിലയിൽ ബൈജുവുമായി നല്ല ബന്ധമുണ്ട്. അത്യധികം വേദനയിലും അയവദാനത്തിന് മുന്നോട്ട് വന്ന ബൈജുവിന്റെ കുടുംബാഗങ്ങൾക്ക് നന്ദി അറിയിക്കുന്നവെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 19ാം തീയതിയാണ് ബൈജുവിന്റെ മരണം. കട്ടിലിൽ കിടന്ന് ഫോൺ ചെയ്യുകയായിരുന്ന ബൈജു കുഴഞ്ഞ് താഴെ വീഴുകയായിരുന്നു. ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന് എകെജി ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പിന്നീട് എറണാകുളം അമൃത ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശനിയാഴ്ച മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. രണ്ട് തവണ അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന് സന്നദ്ധമാണെന്ന കാര്യം ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മന്ത്രി കെ കെ ശൈലജ മൃതസഞ്ജീവനിക്ക് നിർദേശം നൽകി.

കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രകൃയ നടത്തിയത്. കരൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും, രണ്ട് വൃക്കകൾ എറണാകുളം വി പി എസ് ലോക് ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കും, നേത്രപടലം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കുമാണ് നൽകിയത്.

കണ്ണൂർ എയർപോർട്ടിലെ ജിവനക്കാരനാണ് ടി ബൈജു. പരേതരായ ശങ്കുണ്ണി- മാധവി ദമ്പതികളുടെ മകനാണ്. പാസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

Most Popular