Friday, September 24, 2021
Home News Kerala കേരളത്തിൽ ഇന്ന് മുതൽ നിരോധനാജ്ഞ; കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങൾ

കേരളത്തിൽ ഇന്ന് മുതൽ നിരോധനാജ്ഞ; കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ശനിയാഴ്ച രാവിലെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കണ്ണൂർ, വയനാട് ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മുഴുവൻ നിരോധനാജ്ഞ നിലവിൽ വന്നു.

സിആർപിസി 144 പ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി. ഇന്ന് രാവിലെ ഒമ്പത് മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. ഒക്ടോബർ 31 അർധരാത്രി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

കണ്ടെയ്ൻമെന്റ് സോണുകൾക്ക് അകത്തും പുറത്തും ആളുകൾ കൂട്ടം കൂടാൻ പാടില്ല. അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് വിലക്കും. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നുപ്രവർത്തിക്കും. പരീക്ഷകൾക്കും തടസമില്ല. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും, വിവാഹ ചടങ്ങിൽ 50 പേർക്കും പങ്കെടുക്കാം. സർക്കാർ, മത- രാഷ്ട്രീയ സംഘടനകളുടെ പരിപാടികളിൽ പരമാവധി 20 പേർ മാത്രം. പങ്കെടുക്കുന്ന എല്ലാവരും സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം. ഇൻഡോർ, ഔട്ട്‌ഡോർ പരിപാടികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.

പലചരക്ക്, മരുന്ന്, പാൽ, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റെവന്യൂ, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യസർവീസുകൾ അനുവദിക്കും. അടിയന്തര മെഡിക്കൽ സേവനങ്ങൾ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവയ്ക്കൊഴികെ ആളുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് പുറത്തേക്കു പോകുന്നത് കർശനമായി നിയന്ത്രിക്കും. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങൾ പോലീസ് ഏർപ്പെടുത്തണം.

ഒക്ടോബർ രണ്ടിന് മുമ്പ് പ്രഖ്യാപിച്ച പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ചതനുസരിച്ച് നടത്താം. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കണം. ബാങ്കുകൾ, കടകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കു മുൻപിൽ ഒരേസമയം അഞ്ചുപേരിൽ കൂടുതൽ അനുവദിക്കില്ല. അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുത്. കഴിയുന്നതും വീടുകളിൽത്തന്നെ കഴിയണം.

ഹോട്ടൽ, റെസ്റ്റോറന്റുകൾ, മറ്റ് കടകൾ എന്നിവിടങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകളെ കണ്ടാൽ നടപടിയുണ്ടാകും. സംസ്ഥാനത്ത് ഇന്നലെ കോവിഡ് രോഗികളുടെ എണ്ണം 9,000 കടന്നിരുന്നു. നാല് ജില്ലകളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന കേസുകൾ. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനും അതു സംബന്ധിച്ച് ജില്ലാ കലക്ടർമാർക്ക് തീരുമാനം എടുക്കാമെന്നും തീരുമാനിച്ചിരുന്നു.

Most Popular