Tuesday, August 3, 2021
Home News National ബംഗാളിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു; തൃണമൂൽ എന്ന് പാർട്ടി; ബന്ദിന് ആഹ്വാനം

ബംഗാളിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു; തൃണമൂൽ എന്ന് പാർട്ടി; ബന്ദിന് ആഹ്വാനം

കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി നേതാവ് മനീഷ് ശുക്ല വെടിയേറ്റ് കൊല്ലപ്പെട്ടു. പോലീസ് സ്റ്റേഷൻ പരിസരത്ത് പ്രാദേശിക പാർട്ടി നേതാക്കളുമായി സംസാരിച്ചു നിൽക്കെയായിരുന്നു ആക്രമണം. തിതാഗഡ് മുനിസിപ്പാലിറ്റിയിലെ കൗൺസിലറും ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗവുമാണ് മനീഷ് ശുക്ല. സംഭവത്തെ തുടർന്ന് ബരാക്ക്പുർ മേഖലയിൽ 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ ബി.ജെ.പിക്കുള്ളിലെ പോരാണ് കൊലയിൽ കലാശിച്ചതെന്നും തൃണമൂലിന് ഇതിൽ പങ്കില്ലെന്നും തൃണമൂൽ കോൺഗ്രസ് അറിയിച്ചു.

മോട്ടോർ സൈക്കിളിലെത്തിയ ഒരു സംഘമാളുകൾ മനീഷ് ശുക്ലയുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തലയിലും നെഞ്ചിലും പുറകിലും വെടിയേറ്റ ഇയാളെ ആദ്യം ബാരക്പുരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊൽക്കത്തയിലും എത്തിച്ചെങ്കിലും മരിച്ചു. ബി.ജെ.പിയുടെ ബരാക്പൂർ എം.പി അർജുൻ സിംഗിന്റെ അടുത്ത അനുയായാണ് മനീഷ് ശുക്ല.

അതേസമയം, സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഡി.ജി.പിയെയും ആഭ്യന്തര സെക്രട്ടറിയെയും പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധാൻകർ രാജ് ഭവനിലേക്ക് വിളിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും ഇത് തിതാഗഡ് കൗൺസിലറുടെ കൊലപാതകത്തിൽ എത്തി നിൽക്കുന്നതായും ഗവർണർ ട്വീറ്റിൽ പറഞ്ഞു.

Most Popular