ബംഗളുരുവിൽ നാടിനെ നടുക്കി വീണ്ടും കൊലപാതകം; മൃതദേഹം കണ്ടെത്തിയത് വീപ്പയ്ക്കുള്ളിൽ

ബെംഗളൂരു: കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ബെംഗളുരുവിനെ നടുക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷനിലെ പ്രവേശന കവാടത്തിന് സമീപമാണ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ നീലനിറത്തിലുള്ള വീപ്പ കണ്ടെത്തിയത്. തുടര്‍ന്ന് ഇത് പൊളിച്ച് പരിശോധിച്ചതോടെയാണ് വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ അഴുകിയനിലയിലുള്ള മൃതദേഹം കണ്ടത്.

മൂന്നുമാസത്തിനിടെ സമാനരീതിയില്‍ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണിത്. ജനുവരി നാലാം തീയതി യശ്വന്ത്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമിലെ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഡിസംബര്‍ രണ്ടാംവാരം മെമു ട്രെയിനില്‍ ചാക്കില്‍ പൊതിഞ്ഞനിലയിലും സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ രണ്ടുസംഭവങ്ങളിലും പോലീസിന് കൂടുതല്‍വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മൂന്നുസംഭവങ്ങളും സമാനരീതിയിലായതിനാല്‍ ഒരാള്‍തന്നെയാണോ ഇതിനെല്ലാം പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇന്നലെ കണ്ടെത്തിയ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.