വാഷിംഗ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വിജയത്തിലേക്ക് നീങ്ങുമ്പോള്‍ തെരഞ്ഞെടുപ്പിലെ നാടകീയതയും അസാധാരണ സംഭവവികാസങ്ങളും രണ്ടാഴ്ച മുമ്പേ കൃത്യമായി പ്രവചിച്ച് ഡെമോക്രാറ്റിക് സെനറ്റര്‍ ബേണീ സാന്‍ഡേഴ്സ്. ട്രംപിന്റെ വിജയാവകാശവാദവും, അട്ടിമറി ആരോപണവും, പോസ്റ്റല്‍ ബാലറ്റുകളുടെ തള്ളിക്കയറ്റവും, ഫലപ്രഖ്യാപനം വൈകുന്നതുമെല്ലാം കണ്ണാടിയില്‍ കണ്ടെന്ന പോലെ സാന്‍ഡേഴ്സ് ദിവസങ്ങള്‍ക്ക് മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു. അണുവിട തെറ്റാതെ ഇവയെല്ലാം യാഥാര്‍ഥ്യമായതോടെ സാന്‍ഡേഴ്സന്റെ നിരീക്ഷണപാടവത്തിന് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.
രണ്ടാഴ്ച മുമ്പത്തെ ചാനല്‍ പരിപാടിക്കിടെയാണ് സാന്ഡേഴ്സണ് യു.എസ് വോട്ടെടുപ്പില്‍ എന്താണ് സംഭവിക്കുകയെന്ന് പ്രവചിച്ചത്.
”പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വന്‍ തോതില്‍ പോസ്റ്റല്‍ ബാലറ്റ് വരും. ഫ്ലോറിഡയോ വെര്മോണ്ടോ പോലെ ഈ പോസ്റ്റല്‍ ബാലറ്റുകള്‍ കൈകാര്യം ചെയ്യാന്‍ തെരഞ്ഞെടുപ്പ് ദിവസമോ വോട്ടെടുപ്പ് അവസാനിച്ച ശേഷമോ അവര്‍ക്ക് കഴിഞ്ഞേക്കില്ല. ദശലക്ഷക്കണക്കിന് പോസ്റ്റല്‍ ബാലറ്റാണ് സംസ്ഥാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാനുണ്ടാവുക” -സാന്ഡേഴ്സണ് പറയുന്നു.
ഡെമോക്രാറ്റ് അനുകൂലികളാവും പോസ്റ്റല്‍ ബാലറ്റുകള്‍ കൂടുതലായി ഉപയോഗിക്കുകയെന്നും റിപബ്ലിക്കന്‍ അനുകൂലികള്‍ പോളിങ് ബൂത്തിലെത്തുമെന്നും സാന്‍ഡേഴ്സ് പ്രവചിച്ചിരുന്നു. ആദ്യം എണ്ണുക പോളിങ് ബൂത്തിലെത്തിയ വോട്ടുകളാവും. ഇത് റിപബ്ലിക്കിന്റേതാവും.
ട്രംപിന്റെ വിജയാവകാശ വാദത്തെ കുറിച്ചും സാന്‍ഡേഴ്സിന്റെ പ്രവചനം കൃത്യമായി. ”തെരഞ്ഞെടുപ്പ് രാത്രി 10 മണിയോടെ തന്നെ ട്രംപ് മിഷിഗണില്‍ വിജയിക്കുന്നു, പെന്‍സില്‍വാനിയയില്‍ വിജയിക്കുന്നു, വിസ്കോണ്‍സിനില്‍ വിജയിക്കുന്നു. എന്നിട്ട് അദ്ദേഹം ടെലിവിഷനിലെത്തി പറയും, എന്നെ വീണ്ടും തെരഞ്ഞെടുത്തതിന് അമേരിക്കക്ക് നന്ദി, എല്ലാം പൂര്‍ത്തിയായി, ശുഭദിനം” -സാന്ഡേഴ്സണ് പറയുന്നു.
എന്നാല്‍ അടുത്ത ദിവസം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. ഇതോടെ ഈ സംസ്ഥാനങ്ങളില്‍ ബൈഡന് ജയിക്കും. ഇതോടെ തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായെന്ന ആരോപണവുമായി ട്രംപ് രംഗത്തുവരും -ബൈഡന് പ്രവചിച്ചു.
സാന്ഡേഴ്സണ് പറഞ്ഞത് അക്ഷരംപ്രതി ശരിയാവുന്ന കാഴ്ചക്കാണ് കഴിഞ്ഞ ദിവസം യു.എസ് സാക്ഷ്യം വഹിച്ചത്. പോസ്റ്റല്‍ ബാലറ്റുകള്‍ വര്ധിച്ചിടങ്ങളില് ബൈഡന് മുന്നേറ്റം നടത്തിയതോടെ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞ ട്രംപ് വൈകി വന്ന വോട്ടുകള്‍ എണ്ണരുതെന്നും ആവശ്യപ്പെട്ടിരുന്നു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകാന്‍ മത്സരരംഗത്തുണ്ടായിരുന്നയാളാണ് 79കാരനായ സാന്ഡേഴ്സണ്. എന്നാല്‍, സാന്ഡേഴ്സണ് മത്സരത്തില്‍ നിന്ന് പിന്മാറിയതോെടയാണ് ജോ ബൈഡന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായത്.