ഖത്തറിന്റെ മധ്യസ്ഥതയില്‍ ഒപ്പിട്ട താലിബാന്‍ സമാധാന കരാര്‍ പുനപ്പരിശോധിക്കുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ താലിബാനുമായി ഏര്‍പ്പെട്ട സമാധാന കരാര്‍ പുനപ്പരിശോധിക്കുമെന്ന് ജോ ബൈഡന്‍. കരാര്‍ പുനപ്പരിശോധിക്കുന്ന വിവരം അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ല മൊഹിബിനെ വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു. സൈനിക പിന്മാറ്റത്തിന് പിന്നാലെ താലിബാന്റെ ആക്രമണം അഫ്ഗാനില്‍ വര്‍ധിച്ചെന്നാണ് ബൈഡന്റെ സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സമാധാന കരാര്‍ പുനപ്പരിശോധിക്കാന്‍ ബൈഡന്‍ തീരുമാനിച്ചത്. പ്രഡിഡന്റിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവന്‍ ഇതുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ പ്രതിനിധികളുമായി സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഖത്തറില്‍വെച്ച് നടന്ന ചര്‍ച്ചയിലാണ് അഫ്ഗാന്‍ ഭരണകൂടവും താലിബാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ 18 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുവിഭാഗങ്ങളും കരാറിലെത്തിയത്. സെപ്തംബര്‍ 11-ലെ ആക്രമണത്തിന് ശേഷം താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് യു.എസ് സൈന്യം അഫ്ഗാനിസ്ഥാനിലെത്തുന്നത്. 2001 മുതല്‍ യു.എസ് സേനയുടെ സാന്നിധ്യം അഫ്ഗാനിലുണ്ട്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. കാലക്രമേണ അഫ്ഗാനില്‍ താലിബാന്‍ വീണ്ടും ശക്തിപ്പെടുകയായിരുന്നു. 2018 ആയപ്പോഴേക്കും അഫ്ഗാന്റെ മൂന്നില്‍ രണ്ട് ഭാഗത്തും താലിബാന്‍ സാന്നിധ്യം ശക്തമാകുകയും ഇവര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കരാറിന്റെ ഭാഗമായി യു.എസ് താലിബാന് പല വിഷയങ്ങളിലും വഴങ്ങി കൊടുത്തിട്ടുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്റ് അമ്രുള്ള സാലിഹ് ബി.ബി.സിയോട് പ്രതികരിച്ചിരുന്നു.