കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും വലിയ തോതില്‍ സ്വര്‍ണ്ണം പിടിച്ചു. രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതമാണ് യാത്രക്കാരനില്‍ നിന്ന് പിടികൂടിയത്. ബെഹ്റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ എത്തിയ ബാലുശേരി സ്വദേശി അബ്ദുസലാമാണ് പിടിയിലായത്. ഒന്നരക്കോടി രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്.
മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ കെട്ടിവച്ചും മൂന്നു സ്വര്‍ണ്ണ ഉരുളകള്‍ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് സ്വര്‍ണ്ണം പിടികൂടിയത്.
അതേസമയം, കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2 കിലോയിലധികം സ്വര്‍ണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ തൃത്താല സ്വദേശിയില്‍ നിന്നാണ് സ്വര്‍ണ്ണ മിശ്രിതം പിടികൂടിയത്. വാങ്ങാനെത്തിയ പേരാമ്ബ്ര സ്വദേശി അഷ്റഫിനേയും അറസ്റ്റ് ചെയ്തു. 2 മാസത്തിനിടെ കരിപ്പൂരില്‍ 14 കോടിയുടെ സ്വര്‍ണ്ണമാണ് പൊലീസ് പിടിച്ചത്.