Saturday, August 20, 2022
HomeNewsKeralaആദ്യ കുഞ്ഞിന്റെ മുഖം ഒരു നോക്കു കാണുന്നതിന് മുൻപ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി യുവാവ്

ആദ്യ കുഞ്ഞിന്റെ മുഖം ഒരു നോക്കു കാണുന്നതിന് മുൻപ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി യുവാവ്

തൃശ്ശൂര്‍: ആദ്യ കുഞ്ഞ് പിറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ബൈക്ക് അപകടം യുവാവിന്റെ ജീവൻ കവർന്നു. തൃശ്ശൂര്‍ വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്ത് (30) ആണ് കഴിഞ്ഞ ദിവസം  ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത്.

പഴഞ്ഞ ചിറയ്ക്കല്‍ സെന്ററില്‍ മൊബൈല്‍ ഫോണ്‍ കട നടത്തുന്ന ശരത്ത് രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കില്‍ മടങ്ങുമ്ബോഴായിരുന്നു അപകടം

നിര്‍മാണം നടക്കുന്ന റോഡില്‍ മെറ്റലിട്ട ഭാഗത്ത് നിയന്ത്രണം വിട്ട് ബൈക്ക് വീഴുകയായിരുന്നു. സമീപത്തെ മതിലില്‍ ഇടിച്ചു വീണ ശരത്തിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.

ആദ്യ പ്രസവത്തില്‍ ഭാര്യയ്ക്ക് സമീപം എത്താനുള്ള കാത്തിരിപ്പിനിടയിലാണ് അപ്രതീക്ഷിതമായി മരണം ശരത്തിനെ തേടിയെത്തിയത്.

മൂന്ന് വര്‍ഷം മുമ്ബാണ് ശരത്തും നമിതയും വിവാഹിതരാകുന്നത്. ആദ്യത്തെ കണ്‍മണിയുടെ ജനനം പ്രതീക്ഷിച്ചിരുന്ന നമിതയെ കാത്തിരുന്നത് ഭര്‍ത്താവിന്റെ മരണവാര്‍ത്തയും. ശരത്തിന്റെ മരണ വാര്‍ത്തയറിയാതെയാണ് നമിത കുഞ്ഞിന് ജന്മം നല്‍കിയത്.

വാര്‍ത്ത നമിതയെ അറിയിക്കാനാകാത്ത അവസ്ഥയിലായിരുന്നു വീട്ടുകാര്‍. പ്രസവ ശസ്ത്രക്രിയാ മുറിയില്‍ നിന്ന് ഇന്നലെ വൈകിട്ടും നമിതയെ പുറത്ത് എത്തിച്ചിരുന്നില്ല.

ശരത്തിന് അപകടം സംഭവിക്കുന്നതിന്റെ തലേദിവസമാണ് നമിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശരത്തിന്റെ അമ്മയും അച്ഛനുമായിരുന്നു നമിതയ്ക്കൊപ്പം ഉണ്ടായിരുന്നത്.  ഭർത്താവിനെ അന്വേഷിക്കുന്ന നമിതയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ നിൽക്കുകയാണ് വീടും നാടും.

Most Popular