Tuesday, June 22, 2021
Home News National പത്ത് വര്‍ഷത്തിന് ശേഷം മോദിയുടെ വാരണാസിയില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി; രണ്ട് സീറ്റ് നഷ്ടം

പത്ത് വര്‍ഷത്തിന് ശേഷം മോദിയുടെ വാരണാസിയില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി; രണ്ട് സീറ്റ് നഷ്ടം

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ യു.പിയിലെ വാരണാസിയില്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തോല്‍വി. രണ്ട് സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടമായത്.

പത്ത് വര്‍ഷത്തിന് ശേഷമാണ് ബി.ജെ.പി ഇവിടെ പരാജയം അറിയുന്നത്. രണ്ടിടത്തും എസ്.പി സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. അധ്യാപകര്‍, ബിരുദധാരികള്‍ എന്നിവര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലാണ് ബി.ജെ.പിക്ക് തോല്‍വി.

ഗ്രാജ്വേറ്റ് സീറ്റില്‍ എസ്.പിയുടെ അശുതോഷ് സിന്‍ഹയും ടീച്ചേഴ്സ് സീറ്റില്‍ ലാല്‍ ബിഹാരി യാദവും വിജയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 11 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. ഫലം വന്ന ഒമ്പത് സീറ്റുകളില്‍ ബി.ജെ.പി നാലും എസ്.പി മൂന്നും സ്വതന്ത്രര്‍ രണ്ടും ഇടത്ത് വിജയം നേടി.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥി സന്ദീപ് ജോഷി കോണ്‍ഗ്രസിന്റെ അഭിജിത് വന്‍ജാരിയോടാണ് പരാജയമറിഞ്ഞത്. 58 വര്‍ഷത്തെ തുടര്‍വിജയത്തിന് ശേഷമാണ് ബി.ജെ.പി നാഗ്പൂരില്‍ തോറ്റത്

Most Popular