News Flash
X
ഇന്തൊനീഷ്യ വിമാനാപകടം: ശരീര ഭാഗങ്ങളും വിമാനാവശിഷ്ടങ്ങളും കടലില്‍ കണ്ടെത്തി

ഇന്തൊനീഷ്യ വിമാനാപകടം: ശരീര ഭാഗങ്ങളും വിമാനാവശിഷ്ടങ്ങളും കടലില്‍ കണ്ടെത്തി

personTF access_timeSunday January 10, 2021
HIGHLIGHTS
ഇന്തൊനീഷ്യയിലെ ജക്കാര്‍ത്തയില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ അപ്രത്യക്ഷമായ ബോയിങ് വിമാനം കടലില്‍ തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ ജക്കാര്‍ത്തയില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ അപ്രത്യക്ഷമായ ബോയിങ് വിമാനം കടലില്‍ തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. യാത്രക്കാരുടെ ശരീരഭാഗങ്ങളും വസ്ത്രത്തിന്റെ ഭാഗങ്ങളും വിമാനത്തിന്റെ അവശിഷ്ടങ്ങളുമാണ് ജാവ കടലില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്.

ശ്രീവിജയ എയറിന്റെ ഫ്‌ലൈറ്റ് 182ല്‍ 62 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ പത്തു കുട്ടികളും ഉള്‍പ്പെടുന്നു. വിമാനം കിടക്കുന്നതിന്റെ കൃത്യമായ സ്ഥലം കണ്ടെത്തിയിട്ടില്ല. ശ്രമങ്ങള്‍ തുടരുകയാണെന്നാണ് ഇന്തൊനീഷ്യന്‍ ഗതാഗത മന്ത്രി ബുഡി കാര്യ സുമധി അറിയിച്ചു. ലാന്‍കാങ്, ലാകി ദ്വീപുകള്‍ക്കിടയില്‍നിന്നാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്.

അതേസമയം, അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടരയോടുകൂടി ജക്കാര്‍ത്തയുടെ വടക്കന്‍ തീരത്തെ ദ്വീപുകളിലുള്ള മത്സ്യത്തൊഴിലാളികള്‍ ഒരു സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയായതിനാല്‍ എന്താണ് സംഭവിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കു മനസ്സിലായില്ല. വെള്ളം ഉയര്‍ന്നുപൊങ്ങുന്നതു കണ്ടു. എന്നാല്‍ സൂനാമിയോ ബോംബ് വീണതോ ആകാമെന്ന നിഗമനത്തിലായിരുന്നു അവരെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍നിന്നുള്ള അവശിഷ്ടങ്ങളും ഇന്ധനവും ബോട്ടിനുചുറ്റും അടിഞ്ഞുകൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

26 വര്‍ഷം പഴക്കമുള്ള വിമാനമാണ് തകര്‍ന്നുവീണതെന്ന് ശ്രീവിജയ എയര്‍ പ്രസിഡന്റ് ഡയറക്ടര്‍ ജെഫേഴ്‌സന്‍ പറഞ്ഞു. നേരത്തേ, യുഎസില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വിമാനമാണ് ഇതെന്നും ഇപ്പോഴും പറക്കലിന് യോഗ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്നേദിവസംതന്നെ പോണ്‍ടിയാനക്കിലേക്കും പാങ്കല്‍ പിനാങ് നഗരത്തിലേക്കും വിമാനം പറന്നിരുന്നു.

ഒരു മണിക്കൂര്‍ വൈകിയാണ് 2.36ന് വിമാനം പറന്നുയരുന്നത്. നാലു മിനിറ്റു കഴിഞ്ഞപ്പോള്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അവസാനം എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് പൈലറ്റ് നല്‍കിയ വിവരം അനുസരിച്ച് വിമാനം 29,000 അടി മുകളിലാണ് പറന്നിരുന്നത്.

SHARE :
folder_openTags
content_copyCategory