ന്യൂഡൽഹി: സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ഷോയിക് ചക്രബർത്തി, റിയ ചക്രബർത്തി, അബ്ദുൾ ബാസിത്, സൈദ് വിലാട്ര, ദിപേഷ് സാവന്ത്, സാമുവൽ മിറാൻഡ എന്നിവരുടെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് ഇതു വരെ അറസ്റ്റിലായ എട്ട് പേരുടെയും ജാമ്യാപേക്ഷ തള്ളിയിട്ടുണ്ട്.
റിയ ചക്രബർത്തി ബൈക്കുല്ല ജയിലിൽ തുടരും. സെപ്റ്റംബർ 22 വരെ മജിസ്ട്രേറ്റ് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതിനെത്തുടർന്നാണ് അറസ്റ്റ്. ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് റിയയുടെ അഭിഭാഷകന്റെ അടുത്ത നീക്കം.
ഒരു കുറ്റവും ചെയ്യാതെയാണ് കേസിൽ പ്രതി ചേർക്കപ്പെട്ടതെന്നും കുറ്റസമ്മതം നടത്താൻ നിർബന്ധിതയാകുകയായിരുന്നുവെന്നും റിയയുടെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
അതേസമയം, നടി ജാമ്യത്തിലിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും സമൂഹത്തിലെ പ്രമുഖസ്ഥാനവും പണവും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വാദിച്ചു. കാമുകൻ സുശാന്ത് സിംഗ് രജ്പുതിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് റിയ ചക്രവർത്തിക്ക് അറിവുണ്ടായിരുന്നുവെന്നും എൻസിബി പറഞ്ഞു.
എൻസിബിയുടെ വാദം അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.