കൊച്ചി: കൊച്ചിയിലെ ബ്രഹ്മപുരത്ത് മാലിന്യകൂമ്പാരത്തിൽ പടർന്ന തീപിടുത്തം പത്ത് ദിവസം കഴിഞ്ഞിട്ടും അണയ്ക്കാൻ സാധിച്ചിട്ടില്ല. മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വലിയ പ്രതിഷേധമുയർന്നിട്ടും വീണ്ടും ഇവിടെ തന്നെ മാലിന്യം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ബ്രഹ്മപുരത്തെ 50 അടിയോളം ഉയരത്തിൽ മല പോലെ കിടന്ന ഏക്കറുകണക്കിന് ഭാഗത്ത് തീ പടർന്നതോടെ കിലോമീറ്ററുകളോളം ദൂരത്തേക്കാണ് പ്ലാസ്റ്റിക്കിന്റെ ഗന്ധമുള്ള വിഷപ്പുക പടർന്നിരിക്കുന്നത്. കണ്ണ് ചൊറിച്ചിൽ, ചുമ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയുമായി നിരവധി പേരാണ് ചികിത്സ തേടിയത്. പിന്നാലെ, ബ്രഹ്‌മപുരത്ത് ആരോഗ്യ സര്‍വ്വെ നടത്താന്‍ തീരുമാനം. പ്ലാന്റിലെ പുക മൂലം വായു മലിനീകരണം ഉണ്ടായ സ്ഥലങ്ങളിലാണ് സര്‍വ്വേ.
ബ്രഹ്‌മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒന്‍പത് മെഡിക്കല്‍ ക്യാമ്പുകളാണ് ഇതിനോടകം സംഘടിപ്പിച്ചത്. വിഷപ്പുക ശ്വസിച്ച് ദുരിതത്തിലായവരിൽ 678 പേർ ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ കൂടിവരികയാണ്. ‘വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല’ എന്ന് മന്ത്രി പി രാജീവ് അടക്കമുള്ളവർ പറയുന്നത് പ്രശ്നത്തെ നിദസ്സാരവത്ക്കരിക്കാനാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് ചികിത്സ തേടിയവരുടെ കണക്കുകൾ പുറത്തുവരുന്നത്.