ബ്രിട്ടനിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിന് അംഗീകാരം

ലണ്ടന്‍: ബ്രിട്ടനിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിന് അംഗീകാരം. ഫൈസര്‍ ബയോ എന്‍ടെക്കിന്റെ ലോവർ ഡോസ് കുട്ടികളിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയതായി ബ്രിട്ടിഷ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്‌ട് റെഗുലേറ്ററി ഏജന്‍സി അറിയിച്ചു. ഫൈസറിന്റെ ലോവർ ഡോസ് അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളില്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിരുന്നു. പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ബ്രിട്ടനെയാണ്. ഈ സാഹചര്യത്തിൽ 2 ഡോസ് വാക്‌സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കൂടി നൽകാനുള്ള ശ്രമത്തിലാണ് അധികൃതർ. ബുധനാഴ്ച രാജ്യത്ത് 30 ദശലക്ഷം മൂന്നാം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. അതേസമയം, രാജ്യത്ത് ആദ്യമായി കഴിഞ്ഞ ദിവസം 1,00,000 പുതിയ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.