കോവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം

ലണ്ടന്‍: ഇന്ത്യ വികസിപ്പിച്ചെടുത്ത കോവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം. ഈ മാസം 22 മുതല്‍ കോവാക്സിൻ എടുത്തവർക്ക് ബ്രിട്ടന്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന കൊവാക്‌സിന് അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. രണ്ട് ഡോസ് എടുത്തവര്‍ക്കാണ് പ്രവേശനം. കൊവാക്സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തേക്ക് വന്നാല്‍ 14 ദിവസം ക്വാറന്റൈന്‍ എന്നായിരുന്നു ഇതുവരെ ബ്രിട്ടന്റെ നിലപാട്. ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടും ബ്രിട്ടണ്‍ നിലപാട് തിരുത്താതിനെ തുടര്‍ന്ന് ഇന്ത്യ ബ്രിട്ടണില്‍ നിന്ന് വരുന്നവര്‍ക്കും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇനി മുതല്‍ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ലെന്നാണ് ബ്രിട്ടണ്‍ അറിയിച്ചിരിക്കുന്നത്. പഠനാവശ്യത്തിനും മറ്റും ബ്രിട്ടണിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന തീരുമാനമാണിത്.