ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലേക്ക് ഇന്ത്യൻ വംശജനായ ഋഷി സുനക്. ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് ഋഷി സുനക് (42). പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ് പെനി മോർഡന്റും പിന്മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രിപദം ഉറപ്പിച്ചത്.
പഞ്ചാബിൽ ജനിച്ച്, ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും തുടർന്നു ബ്രിട്ടനിലേക്കും കുടിയേറിയവരാണു ഋഷിയുടെ പൂർവികർ.
ബ്രിട്ടനിൽ ജനിച്ച യശ്‌വീർ സുനകിന്റെയും ഉഷയുടെയും മൂത്തമകനായി 1980 മേയ് 12നു ഹാംഷറിലെ സതാംപ്റ്റണിലാണ് ഋഷി സുനകിന്റെ ജനനം. അച്ഛൻ ഡോക്ടറാണ്, അമ്മ ഫാർമസിസ്റ്റും. അമ്മയുടെ അച്ഛൻ മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ ബഹുമതി നേടിയിട്ടുണ്ട്.