Tuesday, June 22, 2021
Home News National ജയിലില്‍ തല ഭിത്തിയിലിടിപ്പിച്ചും വസ്ത്രം വലിച്ചുകീറിയും ക്രൂര മര്‍ദനം; പരാതിയുമായി ഇഷ്‌റത്ത് ജഹാന്റെ കുടുംബം

ജയിലില്‍ തല ഭിത്തിയിലിടിപ്പിച്ചും വസ്ത്രം വലിച്ചുകീറിയും ക്രൂര മര്‍ദനം; പരാതിയുമായി ഇഷ്‌റത്ത് ജഹാന്റെ കുടുംബം

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇശ്‌റത്ത് ജഹാന്‍ മണ്ടോളി ജയിലില്‍ ക്രൂര മര്‍ദനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. വംശീയാതിക്രമത്തില്‍ കുറ്റാരോപിതയായി ജയിലില്‍ കഴിയുകയായിരുന്നു അവര്‍.

ഇശ്റത്തിന്റെ ഭര്‍ത്താവ് ഫര്‍ഹാന്‍ ഹാശ്മിയും, സഹോദരി സാര്‍വര്‍ ജഹാനുമാണ് പരാതി ഉന്നയിച്ചത്. കഴിഞ്ഞ മാസം 20-നും ഇശ്റത്തിനെതിരെ ജയിലില്‍ ആക്രമണ ശ്രമങ്ങള്‍ നടന്നിരുന്നു. ഇശ്‌റത്ത് ജയിലില്‍ സുരക്ഷിതയല്ലെന്നാണ് കുടുംബം പറയുന്നത്. കുടുംബം ഏറെ പരിഭ്രാന്തിയിലാണ് കഴിയുന്നതെന്ന് സഹോദരി സാര്‍വര്‍ പറഞ്ഞു.

‘ഇതിപ്പോള്‍ രണ്ടാം തവണയാണ്. ഇശ്റത്തിന്റെ വസ്ത്രങ്ങള്‍ കീറിയിട്ടുണ്ട്. പല പ്രാവശ്യം തല ഭിത്തിയില്‍ ഇടിപ്പിച്ചിട്ടുമുണ്ട്. തുടര്‍ച്ചയായി അവള്‍ക്കെതിരെ അതിക്രമങ്ങളും ഭീഷണികളും ഉണ്ടാകുന്നുണ്ട്. അവളെ സമാധാനത്തോടെ ജീവിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല. എല്ലാം അവളില്‍ നിന്ന് അപഹരിക്കാനാണവര്‍ ലക്ഷ്യം വെക്കുന്നത്. ഇശ്‌റത്ത് നല്ല അവസ്ഥയിലല്ല. അവള്‍ സുരക്ഷിതയല്ല.’ ഭര്‍ത്താവ് ഫര്‍ഹാന്‍ ഹാശ്മി പറഞ്ഞു

Most Popular