ബസില്‍ അവശനായി കിടന്നതിന് മദ്യപാനിയെന്ന് ആരോപണവും മർദ്ദനവും ; മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം: ബസിൽ കിടന്നതിന് കെഎസ്ആർടിസി കണ്ടക്ടറുടെ മർദനേറ്റെന്ന് പരാതിപ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. കൊല്ലം ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തിൽ എസ്.അനി(46)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തിരുവനന്തപുരത്ത് ചികിത്സ തേടിയ ശേഷം പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് സഹോദരനുമായി വരുമ്പോൾ കഴിഞ്ഞ 24-ന് വെമ്പായത്ത് വെച്ചാണ് അനിലിന് മർദനമേറ്റതെന്നാണ് കുടുംബത്തിന്റെ ആരോപണം.

അവശനിലയിലായിരുന്ന അനി ബസിന്റെ സീറ്റിൽ കിടന്നുറങ്ങിയതായിരുന്നു. മദ്യപനെന്ന് കരുതി ചോദ്യം ചെയ്ത ബസ് കണ്ടക്ടറോട് രോഗിയാണെന്ന് പറഞ്ഞിട്ടും മോശമായി പെരുമാറിയെന്നാണ് ആരോപണം. സ്ഥലത്തെത്തിയ പോലീസ് ആദ്യം പെറ്റി നൽകിയെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടതോടെ ഇത് ഒഴിവാക്കി.

പുനലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ അനിയെ കാണാതാകുകയായിരുന്നു. ഏരൂരിലെ അമ്മയുടെ വീട്ടിലെത്തി മുറിയിൽ കയറി കതകടച്ചതായുള്ള വിവരത്തെ തുടർന്ന് ബന്ധുക്കളെത്തി കതക് പൊളിച്ച് അകടത്തു കടന്നപ്പോൾ അനി തൂങ്ങിയ നിലയിലായിരുന്നു. കരൾ രോഗബാധിതനായിരുന്നു അനി.