Saturday, October 1, 2022
HomeNewsKeralaനിയമവിരുദ്ധമായി 2 കാറുകൾ ഉപയോഗിക്കുന്നു: നടന്‍ ജോജു ജോര്‍ജിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന് പരാതി

നിയമവിരുദ്ധമായി 2 കാറുകൾ ഉപയോഗിക്കുന്നു: നടന്‍ ജോജു ജോര്‍ജിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന് പരാതി

കൊച്ചി: നടൻ ജോജു ജോർജിനെതിരെ മോട്ടോർ വാഹനവകുപ്പിന് പരാതി. നടന്‍ നിയമം പാലിക്കാതെ രണ്ട് കാറുകള്‍ ഉപയോഗിക്കുന്നതായാണ് പരാതി നൽകിയിട്ടുള്ളത്. ജോജുവിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 64 കെ 0005 എന്ന നമ്പറിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറില്‍, അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് മാറ്റി, ഫാൻസി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെന്നാണ് പരാതി. പൊതുപ്രവര്‍ത്തകന്‍ മനാഫ് പുതുവായില്‍ ആണ് എറണാകുളം ആർടിഒയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

മറ്റൊരു കാർ ഹരിയാന റജിസ്ട്രേഷനിലുള്ളതാണ്. കേരളത്തിൽ തുടർച്ചയായി ഉപയോഗിക്കണമെങ്കിൽ ഇവിടുത്തെ റജിസ്ട്രേഷൻ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയിൽ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാൻ അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയതായി ആർടിഒ പി എം ഷെബീർ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആർടിഒയ്ക്കു കൈമാറി.

കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന പരാതിയുമുണ്ട് . മാസ്ക് ധരിക്കാതെ പൊതു നിരത്തിലിറങ്ങിയ ജോജുവിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രെസ്സാണ് പരാതി നൽകിയിരിക്കുന്നത് . യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ ആണ് ജോജുവിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

കാറിൽ നിന്നു പുറത്തിറങ്ങി കോൺഗ്രസ് പ്രവർത്തകരോട് വാക്കുതർക്കത്തിൽ ഏർപ്പെട്ടപ്പോൾ ജോജു മാസ്ക് ധരിച്ചിരുന്നില്ല. പൊലീസിന്റെ മുന്നിൽവെച്ചായിരുന്നു ജോജുവിന്റെ പരസ്യമായ നിയമലംഘനം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ഇതു കണ്ടില്ലെന്നു നടിച്ചു. കടയിൽ പോകാൻ പുറത്തിറങ്ങുന്ന വയോജനങ്ങളോടു പോലും മാസ്കിന്റെ പേരിൽ അതിക്രമം കാണിക്കുന്ന പൊലീസ്, സിനിമാ നടന് വേറൊരു നീതിയാണ് നടപ്പാക്കുന്നതെന്നും പരാതിയിൽ പറയുന്നു.

അതേസമയം വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നിൽ സുരേഷാണ്.

ജോജുവിനെതിരായ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാൻ കൂടുതൽ അന്വേഷണം വേണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത് . ഇന്ധനവില വർദ്ധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ സമരമാണ് ഒടുവിൽ നാടകീയ രംഗങ്ങളിൽ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഏറെ നേരമായതോടെ നടൻ ജോജു ജോർജ് ഇറങ്ങി വരികയായിരുന്നു. വഴി ത‍ടഞ്ഞുള്ള സമരത്തിനെതിരെ അദ്ദേഹം പ്രതിഷേധം ഉന്നയിച്ചു.

തൻറെ കാറിനടുത്തുള്ള വാഹനത്തിൽ കീമോ തെറാപ്പി ചെയ്യാൻ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും തൊട്ടപ്പുറത്തുള്ള കാറിൽ ഒരു ഗർഭിണി സ്കാനിംഗിനായി പോകുകയാണെന്നും ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ആയിരുന്നു ജോജുവിന്റെ ചോദ്യം. ഒടുവിൽ ജോജുവും കോൺഗ്രസുകാരും തമ്മിൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. ജനം ഇവിടെ രണ്ട് ചേരിയായി തിരിഞ്ഞ് തമ്മിൽ തർക്കമായി. തർക്കങ്ങൾക്കൊടുവിൽ പൊലീസ് ഒടുവിൽ വാഹനം കടത്തി വിട്ടുതുടങ്ങിയെങ്കിലും ജോജുവിൻറെ വണ്ടി സമരക്കാർ തടയുകയും ഏറെ നേരത്തെ വാക്കുതർക്കത്തിനൊടുവിൽ വാഹനം അടിച്ചു തകർക്കുകയുമായിരുന്നു.

Most Popular