Friday, January 28, 2022
HomeNewsKeralaകൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവം; രമ്യ ഹരിദാസ്, വി.ടി ബല്‍റാം...

കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവം; രമ്യ ഹരിദാസ്, വി.ടി ബല്‍റാം അടക്കമുള്ള നേതാക്കൾക്കെതിരെ കേസ്

പാലക്കാട്: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി ഒത്തുകൂടിയ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവത്തിൽ രമ്യ ഹരിദാസ്, വി.ടി ബല്‍റാം അടക്കമുള്ള നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത തന്നെ എം.പിയുടെ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് ആക്രമിച്ചെന്നും ബലം പ്രയോഗിച്ച് ഫോണ്‍ പിടിച്ചു വാങ്ങിയെന്നുമാണ് യുവാവ് പരാതി നൽകിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ആലത്തൂര്‍ എം.പി രമ്യ ഹരിദാസും വി.ടി ബല്‍റാമും മറ്റു കോണ്‍ഗ്രസ് നേതാക്കളും കൊവിഡ് നിയന്ത്രണം ലംഘിച്ച് ചന്ദ്രാ നഗറിലെ ഒരു ഹോട്ടലിനകത്ത് ഇരിക്കുന്നത് യുവാവ് കാണുകയും ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. സമീപത്തെ മേശയില്‍ ചിലര്‍ ആഹാരം കഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. . യുവാവ് നല്‍കിയ പരാതി വ്യാജമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. യുവാവ് വീഡിയോ പകര്‍ത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നാണ് ഇവര്‍ പറയുന്നത്. യുവാവ് ദേഹത്ത് തട്ടിയെന്ന തരത്തില്‍ രമ്യ ഹരിദാസ് എം.പി. ആരോപണമുന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കസബ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ് പറഞ്ഞത്.

 

Most Popular