Saturday, April 10, 2021
Home News Kerala ചങ്ങനാശ്ശേരി എംഎൽഎ സി എഫ് തോമസ് അന്തരിച്ചു

ചങ്ങനാശ്ശേരി എംഎൽഎ സി എഫ് തോമസ് അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സി എഫ് തോമസ് അന്തരിച്ചു. ഇന്ന് രാവിലെ പത്തിന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

ചങ്ങനാശ്ശേരിയിൽ നിന്ന് ഒമ്പത് തവണയാണ് സി എഫ് തോമസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം 1980 മുതൽ എം എൽ എയാണ്. 2001- 2006 കാലഘട്ടത്തിൽ ഗ്രാമവികസന-രജിസ്ട്രേഷൻ-ഖാദി വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനാണ്. ഭാര്യ: കുഞ്ഞമ്മ. രണ്ട് മക്കളുണ്ട്.

കേരള കോൺഗ്രസിലെ വേറിട്ട വ്യക്തിത്വമായ തോമസ് വിവാദങ്ങളിൽ കക്ഷി ചേരാത്ത ജന പ്രതിനിധിയായാണ് അറിയപ്പെടുന്നത്. കറകളഞ്ഞ രാഷ്ട്രീയ പ്രവർത്തനത്തിന് ഉടമയായിരുന്നു അദ്ദേഹം. ചങ്ങനാശ്ശേരിയിൽ ജനിച്ച സി എഫ് തോമസ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്.

ട്രേഡ് യൂനിയൻ പ്രവർത്തനത്തിലൂടെ പ്രശസ്തനായി. സ്‌കൂൾ അധ്യാപക ജോലി ഉപേക്ഷിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ആദ്യകാലത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം പിന്നീട് കേരള കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ പാർട്ടിയുടെ ചങ്ങനാശ്ശേരി മണ്ഡലം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി. കേരള കോൺഗ്രസ് എമ്മിന്റെ ജനറൽ സെക്രട്ടറിയായും ഇടക്കാലത്ത് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

Most Popular