ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ കുമിഞ്ഞുകൂടുന്നു

ബീജിംഗ്: കൊറോണയുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ചൈനീസ് ആരോഗ്യ രംഗം. രോഗം ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രികളില്‍ കുമിഞ്ഞ് കൂടുകയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വിടുന്നത് ചൈന അവസാനിപ്പിച്ചു. ഇതിനെതിരെ ലോകരാജ്യങ്ങളും ലോകാരോഗ്യ സംഘടനയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ ആശുപത്രി വരാന്തകളില്‍ അവഗണിക്കപ്പെട്ട് കിടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രായമായവരാണ് മരണപ്പെടുന്നവരില്‍ ഏറിയ പങ്കും.

അതേസമയം കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയില്‍ നിന്നും എത്തുന്നവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചൈന ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഇന്ത്യ ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി.