വിദേശയാത്രക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധന ഒഴിവാക്കി ചൈന

ബീജിങ്: വിദേശയാത്രക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധന ഒഴിവാക്കി ചൈന. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ചൈന ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയിരുന്നു. ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി.

കഴിഞ്ഞ മാസമാണ് നാടകീയമായി കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്. അതിന് മുമ്ബ് സീറോ കോവിഡ് നയവുമായിട്ടായിരുന്നു ചൈന മുന്നോട്ട് പോയിരുന്നത്. ഇതിന്റെ ഭാഗമായി ക്വാറന്റീനും പല പ്രദേശങ്ങളിലും നിര്‍ബന്ധിത ലോക്ഡൗണും ഏര്‍പ്പെടുത്തിയിരുന്നു.

കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ ചൈനീസ് സമ്ബദ്‍വ്യവസ്ഥയേയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനെതിരെ ചൈനീസ് ജനത വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കുന്നതോടെ കോവിഡുകാലം മുതല്‍ നിലനിന്നിരുന്ന വലിയൊരു നിയന്ത്രണത്തിനാണ് ചൈന അന്ത്യം കുറിക്കുന്നത്.

2020 മാര്‍ച്ച്‌ മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ സര്‍ക്കാറിന്റെ കേന്ദ്രീകൃത സ്ഥലങ്ങളില്‍ ക്വാറന്റീനില്‍ കഴിയണമായിരുന്നു. ആദ്യം മൂന്നാഴ്ചയായിരുന്നു ക്വാറന്റീന്‍ കാലയളവെങ്കില്‍ ഇക്കഴിഞ്ഞ നവംബറില്‍ ഇത് അഞ്ച് ദിവസമാക്കി ചുരുക്കിയിരുന്നു.

ക്വാറന്റീന്‍ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നിരവധി ചൈനീസ് പൗരന്‍മാരാണ് രാജ്യത്തിന് പുറത്തേക്ക് പോകാന്‍ ട്രാവല്‍ ഏജന്‍സികളില്‍ അന്വേഷണം തുടങ്ങിയത്. അതേസമയം, ലോകത്തെ പല രാജ്യങ്ങളും ചൈനയില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.