Friday, June 18, 2021
Home News Kerala ക്രിസ്മസും ന്യൂ ഇയറും കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി

ക്രിസ്മസും ന്യൂ ഇയറും കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനവും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും വര്‍ധിച്ചു വരുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. മതപരമായ ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാവരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും വേണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം. തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും ഇടപഴകിയവരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഇ-സഞ്ജീവനിയുടേയോ ദിശ 1056ന്റേയോ സേവനം തേടേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് ് ടെസ്റ്റ് നടത്തി തങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രധാന നിര്‍ദേശങ്ങള്‍:

* ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണം. പൊതു ഇടങ്ങളിലെ ആഘോഷ പരിപാടികള്‍ കഴിവതും ഒഴിവാക്കണം. പൊതുസ്ഥലങ്ങളില്‍ മൂന്ന് ലെയറുകളുള്ള കോട്ടണ്‍ മാസ്‌കോ എന്‍-95 മാസ്‌കോ ഉപയോഗിക്കണം.

* കടകളും മറ്റ് പൊതുസ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതിനും കൈകള്‍ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണം. പ്രത്യേകിച്ച് പൊതുയിടങ്ങളില്‍ സ്പര്‍ശിച്ചതിനുശേഷം കൈകള്‍ അണു വിമുക്തമാക്കാതെ മുഖത്ത് സ്പര്‍ശിക്കുവാന്‍ പാടില്ല.

* മാസ്‌ക് താഴ്ത്തിവെച്ചിട്ട് സംസാരിക്കുന്നത് ഒഴിവാക്കണം. മാസ്‌ക് ധരിച്ച് അതിനുശേഷം അതിന്റെ പുറത്ത് സ്പര്‍ശിക്കാനോ, താടിയിലേയ്ക്ക് താഴ്ത്തുവാനോ പാടുള്ളതല്ല.

* ക്രിസ്തുമസ് പുതുവത്സര വേളകളില്‍ വീടുകളില്‍ സന്ദര്‍ശകരെ പരമാവധി കുറയ്ക്കണം. ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരും പ്രായമായവരും വീടുകളില്‍ കഴിയുകയാണെങ്കിലും സന്ദര്‍ശകര്‍ വരുമ്പോള്‍ കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. അവരുമായോ കുട്ടികളുമായോ അടുത്തിടപഴകരുത്.

* വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴ് ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ താമസിക്കുന്നുണ്ടെങ്കില്‍ കോവിഡ് ് ടെസ്റ്റിന് വിധേയമാകണം. പനി, ചുമ, തൊണ്ടവേദന തുടങ്ങി കോവിഡിന് സമാനമായ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകാതെ സൂക്ഷിക്കണം.

Most Popular