Friday, August 19, 2022
HomeNewsKeralaലൈംഗിക പീഡന കേസ് : സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് രണ്ടിന്‌ വിധി

ലൈംഗിക പീഡന കേസ് : സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് രണ്ടിന്‌ വിധി

കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് രണ്ടിന്‌ വിധി പറയും.
എസ്.സി എസ്.ടി ആക്‌ട് പ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ജില്ലാ പ്രോസിക്യൂട്ടര്‍ വാദിച്ചു.

എന്നാല്‍ ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണ വിധേയനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഇത് അന്വേഷിപ്പിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു.

യുവ എഴുത്തുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ അദ്ദേഹം ഒളിവില്‍ പോയിരിക്കുകയാണ്.

കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രന്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ ഉത്തരമേഖ ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്നും ദളിത് സംഘടനകള്‍ അറിയിച്ചിരുന്നു. ഐ.ജി.യുടെ ഓഫീസ് മുന്നില്‍ കുടില്‍കെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. പരാതിയില്‍ നടപടി വൈകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സാമൂഹിക സാംസ്‌കാരിക രംഗത്തെ 100 പേര്‍ ഒപ്പുവെച്ച നിവേദനവും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

ഇതിനിടെ മറ്റൊരു എഴുത്തുകാരി കൂടി ഇന്ന് സിവിക് ചന്ദ്രനെതിരേ പീഡന ആരോപണമയുര്‍ത്തി രംഗത്ത് വന്നു. ഇതിലും കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തട്ടുണ്ട്. 2020 ഫെബ്രുവരി 18-ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പുതിയ പരാതിയില്‍ പറയുന്നത്.

Most Popular