Sunday, October 24, 2021
HomeNewsKeralaതുടര്‍ഭരണം ലക്ഷ്യമിട്ട് പിണറായി; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജില്ലാ പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി

തുടര്‍ഭരണം ലക്ഷ്യമിട്ട് പിണറായി; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജില്ലാ പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ പര്യടനത്തിനൊരുങ്ങുന്നു. ഈ മാസം 22നു പര്യടനം തുടങ്ങുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണിത്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

കൊല്ലത്തുനിന്നു പര്യടനം തുടങ്ങാനാണ് ആലോചന. 14 ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി ഗെസ്റ്റ് ഹൗസുകള്‍ കേന്ദ്രീകരിച്ചു ജില്ലകളിലെ സാമൂഹിക സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ചര്‍ച്ചകളിലൂടെ രൂപപ്പെടുന്ന ആശയങ്ങളും നിര്‍ദേശങ്ങളും കൂടി ഉള്‍പ്പെടുത്തി ആയിരിക്കും എല്‍.ഡി.എഫിന്റെ നിയമസഭാ പ്രകടനപത്രികയ്ക്കു രൂപം നല്‍കുക.

ഇത്തരമൊരു പര്യടനം നടത്താന്‍ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ തീരുമാനിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാക്കും വിധമാണു മുഖ്യമന്ത്രിയുടെ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരിയില്‍ ബജറ്റ് സമ്മേളനം ചേരുമ്പോള്‍ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കുക. അതിനു മുന്‍പായി ജില്ലാ പര്യടനം പൂര്‍ത്തിയാക്കും.

സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളും വികസനവും ജനങ്ങള്‍ അംഗീകരിച്ചതിന്റെ സൂചനയാണു തദ്ദേശ തെരഞ്ഞെടുപ്പു ഫലമെന്നു സി.പി.എമ്മും എല്‍.ഡി.എഫും വിലയിരുത്തുന്നു. കൊവിഡ് കാലത്തെ സമൂഹ അടുക്കളയും ഇപ്പോഴും തുടരുന്ന ഭക്ഷ്യകിറ്റ് വിതരണവും സാധാരണക്കാരെ സ്വാധീനിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു സര്‍ക്കാരിന്റെ നേട്ടങ്ങളെ അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്ന ഇടതുപ്രചാരണം ലക്ഷ്യംനേടിയതിന്റെ സൂചനയായി ഫലത്തെ വിലയിരുത്തുന്നു.

ഈ സാഹചര്യത്തില്‍ കൂടുതല്‍ ജനക്ഷേമ പദ്ധതികളുമായി മുന്നിട്ടിറങ്ങാനാണു തീരുമാനം. മുഖ്യമന്ത്രി തന്നെ ഇതിനു മുന്‍കയ്യെടുക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പും പിണറായി വിജയന്‍ ജില്ലകളിലൂടെ സഞ്ചരിക്കുകയും സാമൂഹിക സാംസ്‌കാരിക പ്രമുഖരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. 2016 ഫെബ്രുവരിയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന നവകേരള യാത്രയുടെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച.

Most Popular