ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്യുന്നതും കൊല്ലുന്നതും ഹിന്ദുക്കളുടെ അവകാശമാണ് എന്ന യുവാവിന്റെ വിവാദ പോസ്റ്റിന് പിന്നാലെ നടപടിയുമായി ഡൽഹി പോലീസ്. ന്യൂഡല്‍ഹി നജഫ്ഗഡ് സ്വദേശിയായ വിപുല്‍ സിംഗ് എന്ന യുവാവാണ് വിവാദമായ പോസ്റ്റ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചത്.
ഇയാള്‍ പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും അപ്പോഴേക്ക് ഇതിന്റെ നിരവധി സ്ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററിലൂടെ പ്രചരിച്ചിരുന്നു. നബീയാ ഖാന് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സംഭവം വിവാദമാകുന്നത്. നബിയാ ഖാന്റെ ട്വീറ്റിന് മറുപടിയായി ‘കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഉചിതമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്’ ഡല്‍ഹി പൊലിസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു.
സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടുകയും ഉടന്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന് ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ്മ ഡല്‍ഹി പൊലീസ് കമ്മീശ്ണര്ക്ക് കത്ത് അയയ്ക്കുകയും ചെയ്തു.