Friday, June 18, 2021
Home News Kerala മുസ്ലിം ലീഗില്‍ തര്‍ക്കം രൂക്ഷം; കണ്ണൂരില്‍ ജില്ലാ ജന.സെക്രട്ടറിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു

മുസ്ലിം ലീഗില്‍ തര്‍ക്കം രൂക്ഷം; കണ്ണൂരില്‍ ജില്ലാ ജന.സെക്രട്ടറിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു

കണ്ണൂര്‍: ജില്ലയിലെ മുസ്ലിം ലീഗില്‍ ഡപ്യൂട്ടി മേയറെ ചൊല്ലി തര്‍ക്കം രൂക്ഷമായി. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തര്‍ക്കമാണ് കാരണം.

ഇന്നലെ രാത്രി വരെ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഡെപ്യൂട്ടി മേയറായി കെ.ഷബീനയെ തിരഞ്ഞെടുക്കുകയായിരുന്നു. പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളി കൊണ്ടാണ് ഷബീനയെ തിരഞ്ഞെടുക്കപ്പെട്ടത്.

യൂത്ത് ലീഗ് കണ്ണൂര്‍ മേഖലാ ജനറല്‍ സെക്രട്ടറി റാഷിദ് തായത്തെരു രാജിവെച്ചു. ഷബീന ടീച്ചറെ ഡപ്യൂട്ടി മേയറായി നിശ്ചയിച്ചത് ജില്ലാ പ്രസിഡന്റ് ഏകപക്ഷീയമായാണെന്നാണ് വിമര്‍ശനം.

സമവായത്തില്‍ എത്താതിരുന്നതോടെയാണ് വോട്ടെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തീരുമാനിച്ചത്. ആകെയുളള 20 കോണ്‍ഗ്രസ് അംഗങ്ങളെ ഡി.സി.സി ഓഫീസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു വോട്ടെടുപ്പ്.

ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുള്‍ ഖാദര്‍ മൗലവിയെ തടഞ്ഞുവെക്കുകയായിരുന്നു. 15 മിനുട്ടോളം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

‘ജനാധിപത്യം പാലിച്ചില്ല. കോണ്‍ഗ്രസില്‍ നടന്നത് പോലെ ഒരു വോട്ടെടുപ്പിന് പോലും തയ്യാറായില്ല’ എന്നും അവര്‍ ആരോപിച്ചു. ലീഗിനെ നശിപ്പിക്കുകയാണ് അബ്ദുള്‍ ഖാദര്‍ മൗലവിയെന്ന് അദ്ദേഹത്തെ തടഞ്ഞുവെച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ആരോപിച്ചു.

പ്രവര്‍ത്തകരെ പിന്നീട് അനുനയിപ്പിച്ചെങ്കിലും ചര്‍ച്ചകള്‍ നടക്കാതെ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത് പാര്‍ട്ടിക്കുളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Most Popular