Thursday, July 29, 2021
Home News National ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന് പറഞ്ഞ് വിലക്കിയ അസം ടിവി പരമ്പരയുടെ വിലക്ക് നീക്കി

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന് പറഞ്ഞ് വിലക്കിയ അസം ടിവി പരമ്പരയുടെ വിലക്ക് നീക്കി

ഗുവാഹത്തി: ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ടിവി സീരിയൽ വിലക്കിയത് ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സുമൻ ശ്യാമിന്റെ സിംഗിൾ ജഡ്ജ് ബഞ്ചിന്റേതാണ് വിധി. എ എം ടെലിവിഷൻ മാനേജ്മെന്റും എം ഡി സഞ്ജീവ് നരെയ്നും നൽകിയ ഹരജിയിൽ ബീഗം ജാൻ എന്ന അസമീസ് സീരിയലിന്റെ വിലക്കാണ് ഹൈക്കോടതി നീക്കിയത്.

രംഗോണി ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയെ ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ചുണ്ടിക്കാട്ടി രണ്ട് മാസത്തേക്കാണ് സിറ്റി പോലീസ് വിലക്കിയിരുന്നത്. വിലക്കിന് രണ്ടാഴ്ചക്ക് ശേഷമാണ് ഗുവാഹത്തി ഹൈക്കോടതിയുടെ വിധി.

മുസ്ലിം പ്രദേശത്ത് ചില പ്രശ്നങ്ങൾ നേരിടുന്ന ഹിന്ദു പെൺകുട്ടിയെ മുസ്ലീം യുവാവ് രക്ഷിക്കുന്ന ചില രംഗങ്ങൾ വന്നതോടെയാണ് സീരിയൽ ലവ് ജിഹാദിന് പ്രേരിപ്പിക്കുന്നതാണെന്ന ആരോപണം ഉയർന്നത്. രംഗം ചൂണ്ടിക്കാട്ടി ഹിന്ദു ജാഗരൺ മഞ്ച് അടക്കം നാല് സംഘടനകൾ നൽകിയ പരാതി സ്വീകരിച്ച ഗുവാഹത്തി പോലീസ് കമ്മീഷണർ എം പി ഗുപ്ത സീരിയലിന്റെ സംപ്രേക്ഷണം വിലക്കുകയായിരുന്നു.

പരമ്പര ഹിന്ദു മതത്തെയും അസാമീസ് സംസ്‌കാരത്തെയും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹിന്ദു ജാഗരൺ മഞ്ച് ആരോപിച്ചിരുന്നു. സിറ്റി പോലീസ് മേധാവി തലവനായുള്ള 10 അംഗ കമ്മിറ്റിയാണ് പരമ്പര മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് വിലയിരുത്തി വിലക്കിയത്. ആഗസ്റ്റ് 24നാണ് സീരിയലിന്റെ സംപ്രേക്ഷണം വിലക്കിയത്. ഇതിനെതിരെ ചാനൽ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ മറികടന്നാണ് സീരിയൽ നിരോധിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനൽ മാനേജ്മെന്റ് കോടതിയെ സമീപിച്ചത്. കോടതി പരിശോധനയിൽ ഇക്കാര്യം ശരിയാണെന്ന് കണ്ടെത്തി. ഇതേതുടർന്ന് നിരോധനം നീക്കുകയായിരുന്നു.

അതേസമയം, വിലക്കിനു ശേഷം സീരിയലിലെ അഭിനേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളനവും വ്യക്തിഹത്യയും ബലാത്സംഗ ഭീഷണിയും വധഭീഷണിയുമൊക്കെ ഉയർന്നിരുന്നു. ഇതിനെതിരെ നടപടിയെടുക്കാൻ ഗുവാഹത്തി പോലീസ് തയ്യാറായില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

Most Popular