ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ ഇന്നുമാത്രം രണ്ടുപേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ മരണസംഖ്യ ഒമ്പതായി ഉയര്‍ന്നു. കൊല്‍ക്കത്തിയിലും ഹിമാചല്‍ പ്രദേശിലുമാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ ടിബറ്റന്‍ അഭയാര്‍ഥി ഹിമാചല്‍ പ്രദേശിലും ഇറ്റലിയില്‍ നിന്നെത്തി മറ്റൊരാള്‍ കൊല്‍ക്കത്തയിലെ എഎംആര്‍എ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയുമാണ് മരണപ്പെട്ടത്. കോവിഡ് ബാധിതരുടെ എണ്ണം 467 ആയി ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യയില്‍ കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണമായി അടച്ചിടുകയാണ്. നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തലസ്ഥാനമായ ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജമ്മുകശ്മീര്‍ ലഡാക്ക്, ചണ്ഡിഗഡ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. തെലങ്കാനയും ആന്ധ്രയും ഇതിനകം തന്നെ എല്ലാ അതിര്‍ത്തികളും അടച്ചിട്ടു. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ല. കുടുബത്തിലെ ഒരാള്‍ക്ക് മാത്രം അവശ്യ സാധനങ്ങള്‍ വാങ്ങാമെന്നാണ് തെലങ്കാന സര്‍ക്കാരിന്റെ നിയന്ത്രണം. തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വൈകീട്ട് ആറുമുതലാണ് നിരോധനാജ്ഞ. ഇതിനുപുറമെ, പല സംസ്ഥാനങ്ങളും ഭക്ഷ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കുന്ന ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.