Saturday, April 17, 2021
Home News National 50 ശതമാനം വിജയകരമായാൽ കോവിഡ് വാക്സിൻ ഇന്ത്യയിൽ വിൽപ്പന നടത്തുമെന്ന് ഐ സി എം ആർ

50 ശതമാനം വിജയകരമായാൽ കോവിഡ് വാക്സിൻ ഇന്ത്യയിൽ വിൽപ്പന നടത്തുമെന്ന് ഐ സി എം ആർ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ വാക്‌സിൻ സംബന്ധിച്ച പുതിയ നയം വ്യക്തമാക്കി ഐ സി എം ആർ. ശ്വാസകോശ രോഗങ്ങൾക്ക് 100 ശതമാനം ഫലപ്രാപ്തിയുള്ള മരുന്നുകൾ അപൂർവമാണ്. ഇതിൽ നൂറ് ശതമാനം വിജയകരമായ വാക്സിന് കാത്തിരിക്കില്ല. 50 ശതമാനത്തിന് മുകളിൽ പരീക്ഷണ വിജയം കൈവരിച്ചാൽ വാക്‌സിന് ഇന്ത്യയിൽ വിൽപനക്ക് അനുമതി നൽകുമെന്ന് ഐ സി എം ആർ ഡയറക്ടർ ഡോ. ബലറാം ഭാർഗവ അറിയിച്ചു.

നിലവിൽ മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം ഇന്ത്യയിൽ നടക്കുന്നുണ്ട്. ഇന്ത്യയിൽ ഓക്‌സ്ഫഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) കഴിഞ്ഞ ആഴ്ച അനുമതി നൽകിയിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് അനുമതി നൽകിയത്.

ഓക്‌സ്ഫഡ് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്ക് രോഗം ബാധിച്ചതോടെയാണ് വാക്‌സിൻ പരീക്ഷണം പാതിവഴിയിൽ നിർത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയിൽ ഓക്‌സ്ഫഡുമായി ചേർന്ന് പരീക്ഷണം നടത്തുന്ന ആസ്ട്രസെനെക്കയും പരീക്ഷണം താത്കാലികമായി നിർത്തിവെക്കുകയായിരുന്നു. യുഎസ്, ബ്രസീൽ, യുകെ എന്നിവിടങ്ങളിലും വാക്‌സിൻ പരീക്ഷണം പുനരരാംഭിച്ചിട്ടുണ്ട്.

Most Popular