Monday, April 12, 2021
Home News National കവിള്‍കൊണ്ട വെള്ളം ഉപയോഗിച്ചും കോവിഡ് കണ്ടെത്താമെന്ന് പഠനം

കവിള്‍കൊണ്ട വെള്ളം ഉപയോഗിച്ചും കോവിഡ് കണ്ടെത്താമെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ് പരിശോധനയ്ക്കായി മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും ശേഖരിക്കുന്ന സാംപിളുകള്‍ക്ക് പകരം കവിള്‍കൊണ്ട വെള്ളം ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സ് (ഐസിഎംആര്‍) പഠനം. SARS-CoV-2 വൈറസുകളെ കണ്ടെത്താന്‍ കവിള്‍കൊണ്ട വെള്ളം മതിയാവുമെന്നാണ് ഐസിഎംആര്‍ പഠനം ചുണ്ടിക്കാട്ടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മൂക്കില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുന്നതില്‍ ആളുകള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ ഇടയാക്കിയത്. മെയ്- ജൂണ്‍ മുതല്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ കഴിയുന്ന 50 കോവിഡ് രോഗികളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചാണ് ഐസിഎംആറിലെ ഗവേഷകര്‍ താരതമ്യപഠനം നടത്തിയത്. മൂക്കില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുന്നത് രോഗികളില്‍ ചുമ, തുമ്മല്‍ എന്നിവയിലേക്ക് നയിക്കാറുണ്ട്. വായില്‍ കവിള്‍കൊണ്ട വെള്ളം സാപിള്‍ പരിശോധനയ്ക്ക് ഉപയോഗിക്കുന്നത് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നു.

അതുകൊണ്ട് എയറോസോള്‍ മൂലമുണ്ടാകുന്ന സംക്രമണ സാധ്യത കുറയ്ക്കുന്നതിനും ഈ രീതി ഉപയോഗപ്രഥമാണ്. അതേസമയം, വെള്ളം കവിള്‍കൊണ്ട് നല്‍കാന്‍ കഴിയാത്ത ഗുരുതരമായ രോഗമുള്ളവര്‍, ചെറിയ കുട്ടികള്‍ എന്നിവരില്‍ ഈ രീതി പ്രകാരം സാംപിളുകള്‍ ശേഖരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

എളുപ്പത്തില്‍ സ്വയം സാംപിളുകള്‍ നല്‍കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സൗകര്യം. ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കാം എന്നിവയ്ക്ക് പുറമെ സ്വാബുകളുടെയും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെയും ആവശ്യകത കുറയ്ക്കുന്നതിലൂടെ ഗണ്യമായ ചെലവ് ലാഭിക്കാന്‍ ഇടയാക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പരീക്ഷണം നടത്തിയവരില്‍ 72 ശതമാനം പേര്‍ക്കും മൂക്കില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുന്നത് മിതമായ തോതിലെങ്കിലുമുള്ള അസ്വസ്ഥത ഉണ്ടാക്കിയെങ്കില്‍ കവിള്‍ കൊണ്ട വെള്ളം സാംപിളായി ശേഖരിക്കുമ്പോള്‍ 24 ശതമാനം പേര്‍ക്ക് മാത്രമാണ് വളരെ ചെറിയ തോതിലുള്ള അസ്വസ്ഥതകള്‍ രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Most Popular