ചൈനയില്‍ പ്രതിദിന കോവിഡ് രോഗികള്‍ 40,000ലേക്ക്

ബെയ്ജിങ്: ചൈനയില്‍ പ്രതിദിന കോവിഡ് രോഗികള്‍ 40,000ലേക്ക്. ശനിയാഴ്ച 39,791 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതില്‍ 36082 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.

തൊട്ടുമുന്‍പത്തെ ദിവസം 35,183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്നതില്‍ ചൈനയില്‍ ആശങ്ക തുടരുകയാണ്. എന്നാല്‍ മരണസംഖ്യ ഉയരാത്തതിന്റെ ആശ്വാസത്തിലാണ് ജനത. പുതുതായി ഒരു കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള കണക്ക് അനുസരിച്ച്‌ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് പിടിമുറുക്കിയതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ, ചൈനയില്‍ സര്‍ക്കാരിന് എതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഷാങ്ഹായിയില്‍ സര്‍ക്കാരിന്റെ കോവിഡ് നയങ്ങള്‍ക്ക് എതിരെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവന്നു. അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച ഷാങ്ഹായി നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ 10പേര്‍ മരിക്കുകയും 9പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്.