കോവിഡിന്റെ തീവ്രവ്യാപനത്തിന് ഇടയാക്കുന്ന ഒമിക്രോണിന്റെ ഉപവകഭേദം എക്‌സ്ബിബി.1.5 രാജ്യത്ത്‌ സ്ഥിരീകരിച്ചെന്ന്‌ റിപ്പോർട്ട്‌

കോവിഡിന്റെ തീവ്രവ്യാപനത്തിന് ഇടയാക്കുന്ന ഒമിക്രോണിന്റെ ഉപവകഭേദം എക്‌സ്ബിബി.1.5 രാജ്യത്ത്‌ സ്ഥിരീകരിച്ചെന്ന്‌ റിപ്പോർട്ട്‌. കോവിഡ്‌ ബാധിച്ച ഗുജറാത്ത്‌ സ്വദേശിയുടെ സ്രവ പരിശോധനയിലാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചതെന്ന്‌ ദേശീയ മാധ്യമം റിപ്പോർട്ട്‌ ചെയ്‌തു. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അമേരിക്കയിൽ നിലവിൽ കോവിഡ്‌ വ്യാപനത്തിന്റെ പ്രധാന കാരണമാണ്‌ എക്‌സ്ബിബി.1.5 എന്ന്‌ ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന്‌ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 226 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. മൂന്ന്‌ മരണം. നിലവിലെ കോവിഡ്‌ ബാധിതരുടെ എണ്ണം 3653 ആയി ഉയർന്നു.

ഡിസംബറിൽ ശേഖരിച്ച അഞ്ഞൂറോളം സാമ്പിളുകളുടെ ജനിതകശ്രേണീകരണം പുരോ​ഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കോവിഡ് പരിശോധനയ്ക്കായി രാജ്യത്തുടനീളമുള്ള ഇന്‍സകോ​ഗ് ലാബുകളിലാണ് പരിശോധന. അന്താരാഷ്ട്രയാത്രക്കാരില്‍ രണ്ടുശതമാനം പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. ഇതിനോടകം 1716 അന്താരാഷ്ട്ര വിമാനയാത്രക്കാരെ പരിശോധിക്കുകയും 5666 സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു.

കോവിഡ് വ്യാപനം തീവ്രമായ ചൈനയിലേക്കുള്ള ഔഷധ ഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും കയറ്റുമതി നിരീക്ഷിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.