Saturday, July 24, 2021
Home News International കോവിഡിനെ രണ്ട് വർഷത്തിനകം പൂർണമായും ഇല്ലാതാക്കാം: ലോകാരോഗ്യസംഘടന

കോവിഡിനെ രണ്ട് വർഷത്തിനകം പൂർണമായും ഇല്ലാതാക്കാം: ലോകാരോഗ്യസംഘടന

ജനീവ: രണ്ട് വർഷം കൊണ്ട് കൊറോണ വൈറസിനെ ഭൂമിയിൽ നിന്ന് പൂർണമായും തുടച്ചു നീക്കാനാകുമെന്ന് ലോകാരോഗ്യസംഘടന. കോവിഡിനെക്കാളേറെ ദുരിതം വിതച്ച 1918ലെ സ്പാനിഷ് ഫ്ലുവിനെ ഇല്ലതാക്കാനെടുത്തത്രയും സമയം കോവിഡിനു വേണ്ടി വരില്ലെന്നും ലോകാരോഗ്യസംഘടനാ അധ്യക്ഷൻ ടെഡ്രോസ് അഥാനം ഗെബ്രിയേസസ് വ്യക്തമാക്കി.

ആഗോളവത്കരണവും രാജ്യങ്ങൾ തമ്മിലുള്ള അടുപ്പവും രോഗം ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ ഇടയാക്കി. സാങ്കേതികവിദ്യ ഏറെ മുന്നിട്ടു നിൽക്കുന്ന ഈ കാലത്ത് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കോവിഡിനെ തുരത്താൻ കഴിയും. വാക്‌സിൻ പോലുള്ള നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് കോവിഡിനെ തുരത്തും. ലോകാരോഗ്യ സംഘടനാ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൊറോണ വൈറസ് മൂലം ഇതുവരെ 8,00,000 ആളുകൾ മരിച്ചു. ഏകദേശം 23 ദശലക്ഷം പേർക്ക് രോഗം ബാധിച്ചു.

ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയായ സ്പാനിഷ് ഫ്ലു മൂലം ഏകദേശം 50 ദശലക്ഷം ആളുകളെങ്കിലും മരിച്ചു.

പിപിഇ കിറ്റുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ നടന്ന അഴിമതിയെ കൊലപാതകമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കാരണം പിപിഇ കിറ്റ് ഉപയോഗിക്കാതെ ജോലിയെടുക്കേണ്ടി വരുന്ന ആരോഗ്യപ്രവർത്തകർക്ക് അവരുടെയും അവർ പരിചരിക്കുന്ന രോഗികളുടെയും ജീവൻ അപകടത്തിലാക്കേണ്ടി വരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Most Popular