Saturday, July 31, 2021
Home News Kerala കോവിഡ് ബാധിതയായ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം; മാതൃകയായി ജീവനക്കാർ

കോവിഡ് ബാധിതയായ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം; മാതൃകയായി ജീവനക്കാർ

കാസർകോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസർകോട് ഉപ്പള സ്വദേശിനിയായ 38കാരിയാണ് ആംബുലൻസിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

എന്നാൽ യാത്രമധ്യേ യുവതിയുടെ നില വഷളായതിനെ തുടർന്ന് ജീവനക്കാർക്ക് ആംബുലൻസിൽ തന്നെ പ്രസവത്തിനുള്ള സൗകര്യം ഒരുക്കേണ്ടി വന്നു. മികച്ച അടിയന്തര പരിചരണം നൽകിയ ശേഷം അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ യുവതിയെ എത്തിക്കാനായാണ് 108ൽ വിളിച്ചത്. ഉടൻ തന്നെ മുള്ളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് സ്ഥലത്തെത്തി. 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റോബിൻ ജോസഫ്, പൈലറ്റ് ആനന്ദ് ജോൺ എന്നിവർ ഡോക്ടറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം യുവതിയെ ആംബുലൻസിലേക്ക് മാറ്റി പരിയാരത്തേക്ക് യാത്ര തിരിച്ചു. യാത്രാമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. വനിതാ നഴ്സിന്റെ സേവനം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതോടെ വഴിയിൽ നിന്ന് കനിവ് 108 ആംബുലൻസിലെ തന്നെ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായ എസ് ശ്രീജയും യാത്രക്ക് തയ്യാറായി വന്നു.

ആംബുലൻസ് പയ്യന്നൂർ കോത്തായംമുക്ക് എത്തിയപ്പോഴേക്കും യുവതിയുടെ നില കൂടുതൽ വഷളായി. തുടർന്ന് ശ്രീജ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് മനസിലാക്കി. ഇതോടെ ആംബുലൻസ് നിർത്തിയ ശേഷം ആംബുലൻസിൽ പ്രസവത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി. പിന്നീടാണ് പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 108 ആംബുലൻസ് ജീവനക്കാർ പിപിഇ കിറ്റ് ഉൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് പ്രസവശുശ്രൂഷ നടത്തിയത്.

കേരളത്തിന് അഭിമാനമായ സേവനം നടത്തിയ ആംബുലൻസ് ജീവനക്കാരെ ആരോഗ്യമന്ത്രി കെ കെ ശൈലജ അഭിനന്ദിച്ചു. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാർ നടത്തിയ സേവനം വളരെ വലുതാണ്. കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർ നടത്തുന്ന ഇത്തരം സേവനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി.

Most Popular