ദില്ലി: രാജ്യത്തെ കോവിഡ് മൂന്നാം തരംഗം അതിന്റെ തീവ്ര സ്വഭാവം പിന്നിട്ടതായി കേന്ദ്രം. കേരളമുൾപ്പടെ എല്ലാ സംസ്ഥാനങ്ങളിലെയും കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും കേന്ദ്രം വിലയിരുത്തി. 24 ദിവസത്തിനിടെ ദില്ലിയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ എണ്ണം 70000 ൽ നിന്ന് 5700 ആയി കുറഞ്ഞു. ജനുവരി ആറിന് ശേഷം ആദ്യമായി ഇന്നലെ പ്രതിദിന കേസുകൾ ഒരു ലക്ഷത്തിന് താഴെയെത്തി.
രോഗവ്യാപനം തീവ്രമായിരുന്ന കേരളത്തിൽ കേസുകൾ കുറഞ്ഞത് ആകെ വ്യാപനത്തിന്‍റെ തോത് കുറച്ചതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു . മൂന്നാം തരംഗത്തിന്‍റെ തീവ്രമായ ഘട്ടം കേരളം പിന്നിട്ടുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. വ്യാപനം കുറഞ്ഞതോടെ ദില്ലിയും ഉത്തർപ്രദേശുമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനം ഒഴിവാക്കിയിട്ടുണ്ട് .