ന്യൂഡല്‍ഹി: ഒക്ടോബര്‍ മാസത്തോടെ ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് സൂചന. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നാണ് സൂചന. മൂന്നാം തരംഗത്തില്‍ മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികളിലും രോഗം വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളില്‍ വലിയ രീതിയില്‍ രോഗവ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ആശുപത്രികളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായിരിക്കുമെന്നും അതിനാല്‍ എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്‍ഡുകള്‍, പീഡിയാട്രിക് ഐസിയുകള്‍ എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വെന്റിലേറ്റേഴ്സ്, ആംബുലന്‍സ് തുടങ്ങിയവയുടെ എണ്ണവും കൂട്ടണം. കൂടാതെ അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് വാക്സിന് നല്‍കണമെന്നും വിദഗ്ദ്ധര്‍ നിര്‍ദേശം നല്കി.