Wednesday, September 22, 2021
Home News Kerala കോവിഡ് വാക്‌സിനേഷൻ പ്രതിസന്ധിയിൽ സംസ്ഥാനം

കോവിഡ് വാക്‌സിനേഷൻ പ്രതിസന്ധിയിൽ സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ പ്രതിസന്ധിയിൽ. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണമുണ്ടാകില്ല. വാക്സിൻ എത്തിയില്ലെങ്കിൽ നാളെ പൂർണമായും വാക്സിനേഷൻ മുടങ്ങിയേക്കും. അവശേഷിച്ച സ്റ്റോക്കിൽ ഇന്നലെ 2 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകി. 150-ഓളം സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വിതരണമുണ്ടാവുക. സർക്കാർ മേഖലയിൽ ബുക്ക് ചെയ്തവർക്കും വാക്സീൻ ലഭ്യമാകില്ല. പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

സംസ്ഥാനത്തെ വാക്സിൻ സ്റ്റോക്ക് തീർന്നു കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഒരു ഡോസ് പോലും ശേഷിക്കുന്നില്ല. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കോവാക്‌സിന്‍ മാത്രമാണുള്ളത്. കോഴിക്കോട് നിലവിലുള്ളത് 1000 ഡോസ് വാക്സിന്‍ മാത്രമാണ്. മെഡിക്കല്‍ കോളേജിലും ബീച്ച് ആശുപത്രിയിലും മാത്രമാകും ഇന്ന് വാക്സിനേഷൻ. മലപ്പുറത്ത് 1500 ഡോസ് ആണ് സ്റ്റോക്കുള്ളത്. സ്പെഷ്യൽ വാക്‌സിൻ ക്യാമ്പുകളിൽ വിതരണം ചെയ്യാനാണ് തീരുമാനം. മറ്റു ജില്ലകളിലും വാക്‌സിൻ സ്റ്റോക്ക് കുറവാണ്.

നിലവിലെ സാഹചര്യത്തിൽ നാളെ സംസ്ഥാനത്ത് വാക്സിനേഷൻ മുടങ്ങാനാണ് സാധ്യത. അതേസമയം, ശനിയാഴ്ച 1522 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാല് ലക്ഷത്തി അമ്പത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തി ഒമ്പത് പേർക്കാണ് വാക്സീൻ നൽകിയത്. ഇത് റെക്കോർഡായിരുന്നു. അതിനിടെ കേരളത്തിൽ പതിനെട്ട് വയസ്സിന് മുകളിലുള്ള 1.48 കോടിപേർക്ക് ഇതുവരെ ആദ്യ ഡോസ് കുത്തിവയ്പ് പോലും കിട്ടിയിട്ടില്ല. അടുത്ത മാസത്തെ വാക്‌സിനേഷൻ സുഗമമായി മുന്നോട്ടുപോകാൻ 60 ലക്ഷം ഡോസ് വാക്‌സിന്‍ എങ്കിലും വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.

Most Popular