വാഷിംഗ്ടൺ: കോവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്ന് യു.എസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ പ്രിവൻഷൻ (സി.ഡി.സി) സ്ഥിരീകരിച്ചു. വൈറസിന് വായുവിൽ മണിക്കൂറുകളോളം തങ്ങി നിൽക്കാൻ കഴിയുമെന്നും സി.ഡി.സി പറഞ്ഞു.
വായുവിലൂടെ വൈറസ് പകരുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും വ്യാജവാർത്തകളും വന്നതിനാലാണ് തങ്ങൾ വിശദപരിശോധന നടത്തിയത്. കോവിഡ് ബാധിതനായ ആളിൽ നിന്ന് ആറടിയിൽ കൂടുതൽ അകലത്തിൽ നിന്നാലും വൈറസ് പടരാനുള്ള സാധ്യതയുണ്ടെന്നും വായുവിൽ തങ്ങിനിൽക്കുന്ന വൈറസ് അടുത്ത ആളിലെത്തുമെന്നും സി.ഡി.സി പറഞ്ഞു.
വൈറസ് കണികകൾ വളരെ ചെറുതായതിനാൽ പുക പോലെ വായുവിൽ ലയിക്കുമെന്നും പഠനത്തിൽ പറയുന്നു. കൊറോണ വൈറസ് വ്യാപനം പ്രധാനമായും സംഭവിക്കുന്നത് വായുവിലൂടെയാണെന്ന വിവരം മെഡിക്കൽ ജേർണൽ സയൻസിൽ പ്രസിദ്ധീകരിക്കുന്നതിനായി ഒരു സംഘം യു.എസ് ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടിരുന്നു.
മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ആളുകൾക്ക് ഇനിയെങ്കിലും മനസ്സിലാകുമെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.