ഡല്‍ഹി: രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ കോവിഡ് കേസുകൾ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്. രോഗലക്ഷണമുള്ളവരെ മാത്രം പരിശോധനക്ക് വിധേയമാക്കുന്നതിനാലാണ് കേസുകൾ കുറഞ്ഞു നിൽക്കുന്നത്.
ഒമിക്രോണിന്റെ പുതിയ വകഭേദമാണ് ഡൽഹിയിൽ വ്യാപിച്ചിരിക്കുന്നത്. കേസുകൾ കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണമില്ലാത്തവരെയും പരിശോധനക്ക് വിധേയമാക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.
മൂന്നാഴ്ചയായി ആയിരത്തിന് മുകളിലാണ് ഡല്‍ഹിയിലെ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത് . ലക്ഷണമില്ലാത്ത നിരവധി രോഗികള്‍ സംസ്ഥാനത്തുണ്ടാകാം. അവരില്‍ നിന്നും നിരവധി പേര്‍ക്ക് രോഗം പടരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കഴിഞ്ഞ തരംഗങ്ങളിലേത് പോലെ കേസുകള്‍ കുത്തനെ ഉയര്‍ന്നതിന് ശേഷം പിന്നീട് കുറവുണ്ടാകുമെന്നാണ് വിദഗ്ധസംഘം അഭിപ്രായപ്പെടുന്നത്.
രാത്രി/വാരാന്ത്യ കർഫ്യൂ, സ്കൂളുകളും കോളേജുകളും അടച്ചിടൽ, അത്യാവശ്യമല്ലാത്ത സാധനങ്ങളുടെ കടകൾ എന്നിവ ഡൽഹിയിൽ തിരിച്ചുവരുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 7.64 ശതമാനത്തിലേക്ക് എത്തിയ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഡൽഹിയിൽ പ്രതീക്ഷിക്കേണ്ടതുണ്ട്.